പിലാത്തറ അനുഭവിക്കുന്നത് ആസൂത്രണമില്ലാത്ത വികസന ദുരന്തം-പി.സി.വിജയരാജന്‍
പിലാത്തറ: ആസൂത്രണം ഇല്ലാതെ നടപ്പിലാക്കിയ വികസന ദുരന്തമാണ് പിലാത്തറ ടൗണ്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് റിട്ട. ലേബര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി.സി.വിജയരാജന്‍.
കേരള പുതുയുഗസഭ പിലാത്തറയില്‍ സംഘടിപ്പിച്ച ജനകീയ സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലയിടങ്ങളിലും നാട് വിഭജിക്കപ്പെട്ടതിന്റെ ദുരന്തം നാട് അനുഭവിക്കുകയാണ്.
പിലാത്തറയില്‍ റോഡ് തൂണില്‍ നിര്മ്മിച്ചിരുന്നുവെങ്കില് ഈ പ്രശ്നത്തിന് പരിഹാരം കാണാമായിരുന്നു.
ഗുണമേന്മയില്ലാത്ത നിര്‍മ്മാണമാണ് നടക്കുന്നതെന്നും, റോഡ് എവിടെ പൊട്ടുമെന്ന് പറയാന്‍ സാധിക്കാത്ത നിലയാണ്.
ജനങ്ങളോട് വാശി തീര്‍ക്കുന്ന വിധത്തിലാണ് റോഡ് നിര്‍മ്മാണം നടന്നിരിക്കുന്നത്.
രാജ്യപുരോഗതി ആവശ്യമാണെങ്കിലും
ഭൗതികമായി വരുന്ന വിപത്തുകളെ എങ്ങനെ നേരിടണം എന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് യാതൊരു ധാരണയുമില്ലെന്ന് തെളിഞ്ഞിരിക്കയാണെന്നും പി.സി. വിജയരാജന്‍ പറഞ്ഞു.
പുതുയുഗസഭ ചെയര്മാന് അഡ്വ. രാജീവന് കപ്പച്ചേരി അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി പ്രവര്ത്തകന് നോബിള്‍ പൈകട വിഷയാവതരണം നടത്തി.
ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കുകയും ജനപ്രതിനിധികള്‍ സജീവമാകുകയും ചെയ്താല്‍ ഇനിയും മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ.സി രാജീവന്, എം.അജിത് കുമാര്‍, ഷനില്‍ ചെറുതാഴം, കെ.അബ്ദുള്‍ ഖാദര്‍, ദീനദയാല്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. സംവാദത്തില്‍ നിരവധി പേര് പങ്കെടുത്തു.

