കോണ്‍ഗ്രസിന്റെ പേപാര്‍ക്കിംഗ് കേന്ദ്രം നടത്തിപ്പ് സി.പി.എംകാരന് നല്‍കിയതായി മണ്ഡലം കമ്മറ്റി യോഗത്തില്‍ വിമര്‍ശനം.

തളിപ്പറമ്പ്: കോണ്‍ഗ്രസ് മന്ദിരത്തിന് സമീപം പുതുതായി ആരംഭിച്ച പേപാര്‍ക്കിംഗ് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല സി.പി.എം പ്രവര്‍ത്തകന് നല്‍കിയെന്ന പേരില്‍ മണ്ഡലം കമ്മറ്റി യോഗത്തില്‍ ഒച്ചപ്പാടും വാഗ്വാദവും.

ഇന്ന് വൈകുന്നേരം നടന്ന മണ്ഡലം കമ്മറ്റിയോഗത്തിലാണ് പ്രശ്‌നം ഉയര്‍ന്നുവന്നത്.

നിലവിലുള്ള ബ്ലോക്ക് പ്രസിഡന്റിന്റെ സി.പി.എമ്മുകാരനായ ഒരു ബന്ധുവിനാണ് ഇതിന്റെ നടത്തിപ്പ് നല്‍കിയതെന്നാണ് ആരോപണം.

ഇത് കൂടാതെ ഇതേ വ്യക്തിക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെ അധീനതയിലുള്ള കോംപ്ലക്‌സിലെ മുറിയും നടപടിക്രമങ്ങള്‍ പാലിക്കാതെ നല്‍കിയെന്നതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയതായാണ് വിവരം.

നഗരസഭയുടെ അനുമതി വാങ്ങാതെ റൂമിന്റെ ചുമര്‍ പൊളിച്ച് വീതികൂട്ടുകയും ചെയ്തതായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

പേപാര്‍ക്കിംഗ് കേന്ദ്രം സ്ഥാപിക്കാനായി കോണ്‍ഗ്രസ് മന്ദിരത്തിന്റെ ഭാഗമായ സ്ഥലത്തിന് ചുറ്റുമതില്‍ പണിയുന്നതിന് നഗരസഭയില്‍ നിന്ന് പെര്‍മിറ്റ്‌പോലും വാങ്ങാത്തത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

എന്നാല്‍ തന്റെ ഒരു ബന്ധുവിനും പേപാര്‍ക്കിങ്ങ് കേന്ദ്രത്തിന്റെ ചുമതല നല്‍കിയിട്ടില്ലെന്ന് ബ്ലോക്ക് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍ പറഞ്ഞു.

മണ്ഡലം പ്രസിഡന്റിനെതിരെ യോഗത്തില്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉണ്ടായതായാണ് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞത്.