ഹൃദ്യയെ രക്ഷിക്കാന്‍ കടാങ്കോട്ട്മാക്കവും മക്കളും സംഭാവനനല്‍കി.

കുഞ്ഞിമംഗലം: അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിമംഗലത്തെ ഹൃദ്യയുടെ ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന നല്‍കി മാക്കവും മക്കളും കടാങ്കോട്ട് തറവാടും.

ഭക്തരില്‍ നിന്നും ദക്ഷിണയായി ലഭിച്ച തുകയുടെ ഒരു ഭാഗമാണ് മാക്കവും മക്കളായ ചാത്തുവും ചീരുവും പിന്നെ മാവിലോല്‍ തെയ്യവും ചികിത്സാ സഹായ കമ്മറ്റിക്കു നല്‍കിയത്.

കുഞ്ഞിമംഗലമെന്ന ഗ്രാമപ്പേരിനൊപ്പം ചേര്‍ത്തുവയ്ക്കാവുന്നതാണ് കടാങ്കോട്ട് മാക്കത്തിന്റെ കഥ.

മാക്കവും മക്കളും കെട്ടിയാടുന്ന ദിവസം കുഞ്ഞിമംഗലം ഗ്രാമത്തിലും പരിസര ദേശങ്ങളിലുമുള്ള ആയിരക്കണക്കിനാളുകള്‍ കടാങ്കോട്ട് തറവാട്ടു മുറ്റത്തേക്കെത്തും.

ഇക്കുറി തെയ്യാട്ടക്കളത്തിലേക്കെത്തിയവരില്‍ ഹൃദ്യ ചികിത്സാ സഹായ കമ്മറ്റിയുടെ പ്രവര്‍ത്തകരും ഉണ്ടായിരുന്നു.

എണ്ണിത്തിട്ടപ്പെടുത്തുക പോലും ചെയ്യാതെ തൊഴുതു വരവിന്റെ വലിയൊരു പങ്ക് ഹൃദ്യയുടെ ചികിത്സാ നിധിയിലേക്ക് നല്‍കുകയായിരുന്നു മാക്കവും മക്കളും.

തെയ്യങ്ങളോടൊപ്പം കടാങ്കോട്ട് ക്ഷേത്ര കമ്മറ്റിയും ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന നല്‍കി.

കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ വി.വി.ഹരിദാസിന്റെയും പി.വി.രമയുടെയും മകളും പിലാത്തറ സെന്റ് ജോസഫ് കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ ഹൃദ്യ അത്യപൂര്‍വമായ മസ്തിഷ്‌ക രോഗം ബാധിച്ച് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

തുടര്‍ ചികിത്സയ്ക്ക് 50 ലക്ഷം രൂപയോളം ആവശ്യമായി വരും എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്.

ഉദാരമതികളായ നിരവധിപേര്‍ ഹൃദ്യക്ക് സഹായവുമായി ഇതിനകം രംഗത്തുവന്നിട്ടുണ്ട്.