പരിയാരം: ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ചാച്ചാജി വാര്‍ഡ് കയ്യേറി സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘം ബാങ്കിംഗ് സ്ഥാപനം ആരംഭിക്കുന്നതിനെതിരെ ഡി.ഡി.സി ജന.സെക്രട്ടറി അഡ്വ. രാജീവന്‍ കപ്പച്ചേരി വീണ്ടും രംഗത്തിറങ്ങി.
കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത് നിയമവിരുദ്ധമാണെന്നും, ആശുപത്രി സൂപ്രണ്ട് എല്ലാ കയ്യേറ്റങ്ങള്‍ക്കും അഴിമതികള്‍ക്കും കൂട്ടുനില്‍ക്കുകയാണെന്നും രാജീവന്‍ കപ്പച്ചേരി വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
കേരള ഗാന്ധി കെ.കേളപ്പന്‍ ക്ഷയരോഗികളായ കുട്ടികള്‍ക്ക് വേണ്ടി തന്റെ സ്വത്തുവകകള്‍ വില്‍പ്പന നടത്തി നിര്‍മ്മിച്ച് നല്‍കിയ കെട്ടിടം നിയമം ലംഘിച്ച് സി.പി.എം സൊസൈറ്റിക്ക് നല്‍കിയതിനെതിരെ ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ടായിരുന്നു.
കോണ്‍ഗ്രസും മുസ്ലിംലീഗും ഉള്‍പ്പടെ നിരവധി സമരങ്ങളും നടത്തിയിരുന്നു. ഇതിനിടയിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.
ഇതിനെതിരെ 2026 മാര്‍ച്ച് 17 ന് രാജീവന്‍ കപ്പച്ചേരി ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാതെ നിര്‍മ്മാണത്തിന് ഒത്താശ നല്‍കുകയായിരുന്നുവെന്ന് രാജീവന്‍ കപ്പച്ചേരി ആരോപിച്ചു.
മെഡിക്കല്‍ കോളേജിന്റെ സ്വത്തുവകകള്‍ കൈമാറി നല്‍കാന്‍ നിയമം ഇല്ലെന്നിരിക്കെ നഗ്‌നമായ നിയമലംഘനം നടത്തി പൊതുസ്വത്ത് തട്ടിയെടുക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നും ഇതിനെതിരെ നിയമപരമായും മറ്റ് വിധത്തിലും ഇടപെടല്‍ നടത്തുമെന്നും രാജീവന്‍ കപ്പച്ചേരി അറിയിച്ചു.
കോണ്‍ഗ്രസ് കടന്നപ്പള്ളി മണ്ഡലം പ്രസിഡന്റ് രാജേഷ് മല്ലപ്പള്ളിയും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.