വൈദ്യശാസ്ത്രമ്യൂസിയം അടഞ്ഞുതന്നെ, തൃക്കരിപ്പൂര്‍ രവീന്ദ്രന്‍ നിറകണ്ണുകളോടെ പടിയിറങ്ങി.
കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധനേടിയ വൈദ്യശാസ്ത്രമ്യൂസിയം വീണ്ടും തുറന്നുകാണാനുള്ള ആഗ്രഹം ബാക്കിയാക്കി തൃക്കരിപ്പൂര്‍ രവീന്ദ്രന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് പടിയിറങ്ങി.
2011 ല്‍ 11,000 ചതുരശ്രഅടിയില്‍ ആരംഭിച്ച വൈദ്യശാസ്ത്രമ്യൂസിയം അഞ്ച് വര്‍ഷം മുമ്പാണ് അടച്ചുപൂട്ടിയത്.
ഇതിനകത്തെ പ്രദര്‍ശനവസ്തുക്കളെല്ലാം ചുരുട്ടിക്കൂട്ടി അലക്ഷ്യമായി ഉപേക്ഷിക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജില്‍ പഠനാവശ്യത്തിന് സ്ഥലപരിമിതിയുള്ളതിനാല്‍ മ്യൂസിയം അടച്ചുപൂട്ടുന്നതായിട്ടാണ് അന്നത്തെ പ്രിന്‍സിപ്പാള്‍ അറിയിച്ചത്.
പ്രദര്‍ശനവസ്തുക്കള്‍ ഉപേക്ഷിക്കപ്പെട്ടുവെങ്കിലും ഇതേവരെ ഈ സ്ഥലം ഒരു മറ്റൊരു ആവശ്യത്തിനും ഉപയോഗപ്പെടുത്താതെ അടച്ചുപൂട്ടിയ നിലയിലാണ്.
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ മ്യൂസിയം നവീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കിയിരുന്നു.
22 ലക്ഷം രൂപ സന്ദര്‍ശക ഫീസിനത്തില്‍ മ്യൂസിയത്തില്‍ നിന്ന് ലഭിച്ചിരുന്നു.
ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന മെഡിക്കല്‍ മോഡലുകളും ഇവിടെ ഉണ്ടായിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ വൈദ്യശാസ്ത്ര അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ രൂപരേഖയും രവീന്ദ്രന്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും വര്‍ഷങ്ങളായിട്ടും നടപടികളൊന്നുമുണ്ടായില്ല.
2018 ല്‍ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് മ്യൂസിയം ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടായതെന്നും രവീന്ദ്രന്‍ പറയുന്നു.
ദിവസങ്ങളോളം പ്രവര്‍ത്തിച്ച് നിര്‍മ്മിച്ചെടുത്ത ആയിരത്തിലേറെ വൈദ്യശാസ്ത്ര മോഡലുകള്‍ ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്നത് ഏറെ ദു:ഖകരമായ ഒരവസ്ഥയാണ്.
പ്രമുഖ ശില്‍പ്പിയും ചിത്രകാരനുമായ തൃക്കരിപ്പൂര്‍ രവീന്ദ്രനാണ് ആയിരക്കണക്കിന് പ്രദര്‍ശനവസ്തുക്കള്‍ ഇവിടെ ഒരുക്കിയത്.
അനാട്ടമി വിഭാഗത്തിലെ മ്യൂസിയം കം ഫോട്ടോഗ്രാഫിക് അസിസ്റ്റന്റായ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പുനരുദ്ധരിക്കപ്പെട്ട മ്യൂസിയം.
ഇന്നലെ അവസാനമായി മ്യൂസിയത്തിലെത്തിയ അദ്ദേഹം താന്‍ നിര്‍മ്മിച്ച പ്രദര്‍ശനവസ്തുക്കള്‍ ഒരിക്കല്‍കൂടി കണ്ട് നിറകണ്ണുകളോടെയാണ് മെഡിക്കല്‍ കോളേജ് കാമ്പസ് വിട്ടത്.
