പുഴയില്‍ചാടിയ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി-

തളിപ്പറമ്പ്: പുഴയില്‍ ചാടിയ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. വായാട്ടുപറമ്പ് ഹണിഹൗസിന് സമീപത്തെ ഉറുമ്പടയില്‍ ടോമിയുടെ (47) മൃതദേഹമാണ് ഇന്ന് രാവിലെ പാമ്പുരുത്തി പാലത്തിന് സമീപം കണ്ടെത്തിയത്.

തളിപ്പറമ്പ് അഗ്നിശമനസേനയെത്തി മൃതദേഹം കരക്കെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ടോമി നണിശേരിക്കടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്.

അന്ന് വൈകുന്നേരം മുതല്‍ കാണാതായ ടോമിയുടെ സ്‌കൂട്ടറും ചെരിപ്പും മറ്റും നണിശേരിക്കടവ് പാലത്തിന് സമീപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്.

സാമ്പത്തികപ്രതിസന്ധിയെക്കുറിച്ച് എഴുതിയ കത്ത് അഴിച്ചുവെച്ച ചെരിപ്പിനടിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

ടോമി വര്‍ഷങ്ങളായി പൂവ്വം ടൗണില്‍ മലഞ്ചരക്ക് വ്യാപാരം നടത്തിവരികയായിരുന്നു.

ഷൈനിയാണ് ഭാര്യ. എയ്ഞ്ചല്‍. അഞ്ജന, അന്റോണിയ എന്നിവരാണ് മക്കള്‍.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം സംസ്‌ക്കരിക്കും.