മാതമംഗലത്ത് ബേക്കറികളിലും ഹോട്ടലുകളിലും റെയിഡ്-വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി.

മാതമംഗലം: ഹെല്‍ത്തി കേരളം പരിപാടിയുടെ ഭാഗമായി എരമം-കുറ്റൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ ശുചിത്വ പരിശോധന നടത്തി.

ശാസ്ത്രീയമാലിന്യ സംസ്‌ക്കരണ സംവിധാനമൊരുക്കാത്തതും പാകംചെയ്ത പഴകിയ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ച സ്ഥാപനങ്ങള്‍ക്കും കേന്ദ്ര പുകയില നിയമം അനുശാസിക്കാത്ത സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി പിഴ ചുമത്തി.

പഞ്ചായത്ത് ലൈസന്‍സില്ലാതെയും ശുചിത്വമില്ലാതെയും പ്രവര്‍ത്തിച്ച പേരൂലിലെ വനിത ഹോട്ടല്‍,

പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്പനക്കായി സൂക്ഷിച്ച മാതമംഗലത്തെ എ.എഫ്.സി. ചിക്കന്‍ എന്നിവയ്ക്ക് പിഴ ചുമത്തുകയും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.

മലിനജലം അശാസ്ത്രീയമായി ഒഴുക്കിവിട്ട മാതമംഗലം പാണപ്പുഴ റോഡിലെ കെഎസ് ബേക്കറി നിര്‍മ്മാണ യൂണിറ്റിന് പിഴ ചുമത്തി.

കേന്ദ്ര പുകയില നിയമം അനുശാസിക്കാത്ത നാല് സ്ഥാപനങ്ങളില്‍ നിന്ന് എണ്ണൂറ് രൂപ പിഴ ഈടാക്കി. പഞ്ചായത്ത്‌രാജ് നിയമപ്രകാരം മൂവായിരം രൂപയും പിഴ ചുമത്തി.

എരമം-കുറ്റൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാര്‍ രണ്ട് ടീമുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയില്‍ ഹോട്ടലുകള്‍ ബേക്കറികള്‍ തുടങ്ങി ഇരുപത്തിരണ്ട് സ്ഥാപനങ്ങള്‍ പരിശോധിച്ചു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.ടി.ജയപ്രകാശ്. ടി.കെ.സുധാകരന്‍, ആന്‍സി സാഹര്‍, കെ.വി.പ്രേംകുമാര്‍, ജോസ് പ്രകാശ്, ആര്‍.പി.രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.