പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രഹസനം-സണ്ണി ജോസഫ് എം.എല്‍.എ-എന്‍.ജി.ഒ.എ തിരവനന്തപുരത്ത് ധര്‍ണ നടത്തി-

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കാനോ, ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാനോ ശ്രമിക്കാത്തത് അപലപനീയമാണെന്ന് സണ്ണി ജോസഫ് എം.എല്‍.എ.

പരിയാരം മെഡിക്കല്‍ കോളേജ് സഹകരണ മേഖലയില്‍ നിന്നും ഏറ്റെടുത്തെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളൊന്നും അനുവദിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ അവകാശങ്ങള്‍ക്കായി സന്ധിയില്ലാ സമരം ചെയ്യും കേരള എന്‍.ജി.ഒ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയില്‍ ആരംഭിച്ച പരിയാരം മെഡിക്കല്‍ കോളേജിനെ സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് ജീവനക്കാര്‍ ദുര്‍ഗതിയിലായത്.

ഇവിടെ നിലവില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കാനോ അവര്‍ക്ക് ഡി.എ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സഹകരണ മേഖലയില്‍ ആയിരുന്നപ്പോള്‍ ലഭിച്ചിരുന്ന ഡി.എ പിടിച്ചു വെച്ചിട്ട് നാലുവര്‍ഷമായി. ജീവനക്കാരുടെ ഗ്രേഡ് പ്രൊമോഷന്‍ ഉള്‍പ്പെടെയുള്ളവ തടഞ്ഞുവെക്കപ്പെട്ടിരിക്കുകയാണ്.

വാര്‍ഷിക ഇന്‍ക്രിമെന്റുപോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ജീവനക്കാരെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും നിലവിലുള്ളവരെ സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്ക് ആഗീരണം ചെയ്യുന്ന നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

മുന്‍ ആസൂത്രണ ബോര്‍ഡംഗവും സി.എം.പി.നേതാവുമായ സി.പി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ടഷറര്‍ എ. രാജശേഖരന്‍ നായര്‍, സംസ്ഥാന സെക്രട്ടറി എസ്.അബികാകുമാരി, കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി അഡ്വ.രാജീവന്‍ കപ്പച്ചേരി,

നാരായണ്‍കുട്ടി മണിയേരി, കെ.പി.വിനോദന്‍, ആര്‍.എസ്.പ്രശാന്ത് കുമാര്‍, കെ.വി.മഹേഷ്., പി.സി സാബു, ബി.പി. ബിപിന്‍, ജോര്‍ജ്ജ് ആന്റണി, എസ്.വി. ബിജു, ലിജുഎബ്രഹാം എന്നിവര്‍ പങ്കെടുത്തു.

പരിയാരം മെഡിക്കല്‍ കോളേജ് എന്‍.ജി.ഒ.അസോസിയേഷന്‍ ബ്രാഞ്ച് ഭാരവാഹികളായ പി.ഐ.ശ്രീധരന്‍, യു.കെ.മനോഹരന്‍, കെ.വി.ദിലീപ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.