നാടിന്റെ മണിയേട്ടനായി സമൂഹസദ്യയൊരുക്കി പാണപ്പുഴനാട് മാതൃകയായി.

പിലാത്തറ: നാടിന്റെ പ്രിയങ്കരനായ മണിയേട്ടന്റെ ചികില്‍സക്കായി സമൂഹസദ്യയുമായി നാട്ടുകാര്‍.

പാണപ്പുഴയിലെ ആര്‍.പി.മണികണ്ഠന്‍ എന്ന മണിയേട്ടന് വേണ്ടിയാണ് നാട് ഒന്നിച്ചത്.

ചികിത്സാ ധനസഹായത്തിനായിട്ടാണ് സമൂഹസദ്യ നടത്തിയത്. പാണപ്പുഴ യംഗ് സ്റ്റാര്‍ ക്ലബിന്റെ നേതൃത്വത്തിലാണ് സമൂഹസദ്യ സംഘടിപ്പിച്ചത്.

നാടിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കക്ഷി രാഷ്ട്രീയ ഭേദമന്യേ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു മണികണ്ഠന്‍.

അര്‍ബുദ രോഗബാധിതനായി മാസങ്ങളായി തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയാണിദ്ദേഹം.

നിര്‍ധന കുടുംബത്തിന് താങ്ങായി ഒരുനാടു തന്നെ കൂടെ നില്‍ക്കുകയാണ്. അതിന്റ ഭാഗമായാണ് സമൂഹസദ്യ നടത്തിയത്.

മണികണ്ഠന് താങ്ങാകാന്‍ തങ്ങളെ കൊണ്ട് കഴിയുന്ന തരത്തിലുള്ള സഹായവുമായി ജനങ്ങള്‍ സദ്യ നടക്കുന്ന സ്ഥലത്തേക്ക് ഒഴുകിയെത്തി.

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ, മുന്‍ കല്യാശ്ശേരി എംഎല്‍എ ടി.വി.രാജേഷ്, സിപിഎം മാടായി ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍ തുടങ്ങിയവരും കാരുണ്യത്തിന് വേണ്ടിയുള്ള സമൂഹസദ്യക്ക് എത്തിച്ചേര്‍ന്നു.