പി.വി.രസ്നമോള്‍ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍

തളിപ്പറമ്പ്: 2022-23 വര്‍ഷത്തെ നാഷണല്‍ സര്‍വ്വീസ് സ്‌കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മികച്ച യൂണിറ്റായും പി.വി.രസ്നമോള്‍ മികച്ച പ്രോഗ്രാം ഓഫീസറായും തെരഞ്ഞെടുക്കപ്പെട്ടു.

2020 മുതല്‍ 3 വര്‍ഷക്കാലം മൂത്തേടത്ത് എന്‍.എസ്.എസ് യൂണിറ്റിനെ നയിച്ചു കൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.

കുറ്റിക്കോല്‍ ദത്തുഗ്രാമം കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജന രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ , ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഹരിത തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം യൂണിറ്റിന്റെ പ്രധാന പ്രവര്‍ത്തനങ്ങളായിരുന്നു.

കുറ്റിക്കോലെ നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്കിയതും മറ്റൊരു കുടുംബത്തിന് വീട് പുനര്‍നിര്‍മ്മിച്ചു നല്‍കിയതും നിര്‍ധന യുവതിക്ക് ഉപജീവനത്തിന് തട്ടുകട നല്കിയതും 72 വയസ്സുള്ള ഒറ്റക്കു താമസിക്കുന്ന വൃദ്ധക്ക് കുടിവെള്ള കണക്ഷന്‍ എടുത്തു നല്‍കിയതും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ്.

കൂടാതെ വളണ്ടിയര്‍മാരുടെ വീടുകളില്‍ വിഷ രഹിത പച്ചക്കറികള്‍ ഉല്പാദിപ്പിച്ചും മഴക്കുഴികള്‍ നിര്‍മ്മിച്ചും ആയിരം അടുക്കളത്തോട്ടങ്ങള്‍ നിര്‍മ്മിച്ചും കീഴാറ്റൂര്‍ കോടേശ്വരം വയലില്‍ കൃഷിയിറക്കിയും കാര്‍ഷിക രംഗത്തും ഇവര്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു.

പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് കുപ്പികളിലാക്കി ഇക്കോ ബ്രിക്സുകള്‍ നിര്‍മ്മിക്കുകയും ഇവ ഉപയോഗിച്ച് സ്‌കൂള്‍ അങ്കണത്തില്‍ വിശ്രമ ബെഞ്ച് നിര്‍മ്മിക്കുകയും ചെയ്തതിന് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം നേടുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വളണ്ടിയറായ അമല്‍രാജ് ജില്ലയിലെ മികച്ച വളണ്ടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.