സ്‌ക്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചു- പയ്യന്നൂര്‍ സ്വദേശിയുടെ കാല്‍പാദം അറ്റുവീണു.

തളിപ്പറമ്പ്: സ്‌ക്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന്റെ കാല്‍പാദം അറ്റുവീണു.

ഇന്നലെ രാത്രി ഒന്‍പതോടെ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ കരിമ്പം ടി.എന്‍.എച്ച് ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം.

പയ്യന്നൂര്‍ പെരുമ്പയിലെ എ.എഫ്.സി ഫ്രൂട്ട്‌സില്‍ ജീവനക്കാരനായ കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശിയും ഇപ്പോള്‍ മുതിയലത്ത് താമസക്കാരനുമായ കിഴക്കേപുരയില്‍  കെ.കെ.ജാഫറിനാണ്(42)പരിക്കേറ്റത്.

കെ.എല്‍.13 എ.എം 1208 നമ്പര്‍ സ്‌ക്കൂട്ടറില്‍ തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ജാഫഫറിന്റെ സ്‌ക്കൂട്ടര്‍ കെ.എല്‍.59 യു 7759 ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഈ സമയം അതുവഴി കാറില്‍ പോകുകയായിരുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍ പിലാത്തറയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഇടിയുടെ ആഘാതത്തില്‍ അറ്റുവീണ് തെറിച്ചുപോയ കാല്‍പ്പാദം കണ്ടെടുത്ത് നജ്മുദ്ദീന്‍ ഇത് ഐസ് ഉപയോഗിച്ച് പൊതിഞ്ഞ ശേഷമാണ് ടി.എന്‍.എച്ച് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

ഇവിടെ പ്ലാസ്റ്റിക്ക് സര്‍ജന്‍ ഇല്ലാത്തതിനാല്‍ ജാഫറിനെ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അറ്റുപോയ കാല്‍പാദം തുന്നിച്ചേര്‍ത്തതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.