കരിമ്പത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പുതിയ വാട്ടര്‍ ടാങ്കിന് സ്ഥലം അനുവദിച്ചു.

തളിപ്പറമ്പ്: വിടാതെ പിടിച്ചാല്‍ വാട്ടര്‍ ടാങ്കും കൂടെ വരും എന്ന് തെളിയിച്ച് ഗാന്ധിനഗര്‍ വികസനസമിതി.

കരിമ്പം പ്രദേശത്തുകാരുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഒറ്റപ്പാലകുന്നില്‍ പുതിയ ടാങ്കിന് സ്ഥലം അനുവദിച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

പുഷ്പഗിരി ഗാന്ധിനഗര്‍ വികസനസമിതിയുടെ നിവേദനം പരിഗണിച്ചാണ് തീരുമാനം.

കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഗാന്ധിനഗര്‍ വികസനസമിതി ചെയര്‍മാനും റിട്ട.എ.ഡി.എമ്മുമായ എ.സി.മാത്യുവിന്റെ നേതൃത്വത്തില്‍ ഇതിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു.

തളിപ്പറമ്പ് താലൂക്ക് വികസനസമിതിയിലാണ് ഇത് സംബന്ധിച്ച ആവശ്യം ആദ്യമായി ഉന്നയിച്ചത്.

ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായി ജലസേചനവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ നിവേദനങ്ങള്‍ നല്‍കിയിരുന്നു.

പന്നിയൂര്‍ വില്ലേജില്‍പെടുന്ന ഒറ്റപ്പാലകുന്നില്‍ മുത്തപ്പന്‍ക്ഷേത്രത്തിന് സമീപത്തായി മിച്ചഭൂമിയില്‍പെട്ട 16 സെന്റ് ഭൂമിയാണ് 30 വര്‍ഷത്തേക്ക് നഗരസഭക്ക് ലീസിന് നല്‍കിക്കൊണ്ട് ഗവ.ഉത്തരവായത്.

സ്ഥലം ലഭ്യമാക്കിയാല്‍ ഓവര്‍ഹെഡ് വാട്ടര്‍ടാങ്ക് പണിയാമെന്നായിരുന്നു വാട്ടര്‍ അതോറിറ്റി ഗാന്ധിനഗര്‍ വികസനസമിതിയെ അറിയിച്ചിരുന്നത്.

ഇതേ തുടര്‍ന്നാണ് സ്ഥലം അനുവദിച്ചുകിട്ടാനായി നിവേദനങ്ങല്‍ നല്‍കിയത്. ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അടിയന്തിര നടപടി ഉണ്ടായത്.