കണ്ണുര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജറി യൂണിറ്റ് ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.–കാത്ത്‌ലാബ് ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക്ക് സര്‍ജറി യൂണിറ്റ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

മെഡിക്കല്‍ കോളേജില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ട്രോമാകെയര്‍ യൂണിറ്റ് ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സഹകരണ മേഖലയില്‍ നിന്നുള്ള ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കിക്കൊണ്ടുള്ള ആഗിരണ പ്രക്രിയയും ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഡി.എം.ഇയുടെ കീഴില്‍ അല്ലാത്ത നിരവധി തസ്തികകള്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുണ്ട്. ഇത് തത്തുല്യ തസ്തികകളിലേക്ക് മാറ്റും.

ജനുവരി, ഫെബ്രുവരി മാസത്തോടെ ആശുപത്രിയുടെ അറ്റകുറ്റപ്പണികളും മറ്റ് മരാമത്ത് ജോലികളും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

സഹകരണ മേഖലയിലെ കോളേജ് പൂര്‍ണതോതിലുള്ള സര്‍ക്കാര്‍ കോളേജാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ പുതിയ കാത്ത് ലാബ്, എച്ച് ഡി എസ് ഫാര്‍മസി, എച്ച് ഐ വി പോസിറ്റീവ് രോഗികള്‍ക്കുള്ള എ ആര്‍ ടി ക്ലിനിക് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍വ്വഹിച്ചു.

എം.വിജിന്‍ എം.എല്‍.എ.അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, മെഡിക്കല്‍ എജ്യുക്കേഷന്‍ ജോ.ഡയരക്ടര്‍ ഡോ.തോമസ് മാത്യു, മുന്‍ എം എല്‍ എ ടി.വി.രാജേഷ്, പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് എന്നിവര്‍ പങ്കെടുത്തു.

അഞ്ചരക്കോടി രൂപ ചെലവിട്ടാണ് ആധുനികരീതിയിലുള്ള കാത്ത്‌ലാബ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

മെഡിക്കല്‍ കോളേജിലെ മൂന്നാമത്തെ കാത്ത്‌ലാബാണ് ഉദ്ഘാടനം ചെയ്തിതിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹൃദയ ചികിത്സക്ക് ആളുകള്‍ എത്തുന്ന പരിയാരത്തെ സൗകര്യം കേരളത്തില്‍ തന്നെ വേറെയെവിടെയുമില്ല.

ആശുപത്രി വികസന സൊസൈറ്റിയുടെ ന്യായവില ഷോപ്പില്‍ നിന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ ലഭ്യമാകും.

കാഷ്വാലിറ്റിക്ക് സമീപത്തായാണ് ഫാര്‍മസി ഒരുക്കിയിരിക്കുന്നത്. സാധാരണക്കാര്‍ക്ക് വിലകൂടിയ മരുന്നുകളും ലഭ്യമാകും.

കോഴിക്കോട് മെഡിക്കല്‍ കോളേജ് കഴിഞ്ഞാല്‍ എ ആര്‍ ടി സെന്ററുകള്‍ ഇല്ലാത്തത് വലിയ പ്രയാസം ഉണ്ടാക്കിയിരുന്നു.

ആധുനിക രീതിയിലുള്ള പരിശോധന കേന്ദ്രവും, ചികിത്സ സൗകര്യങ്ങളുമാണ് ആശുപത്രിയുടെ നാലാം നിലയില്‍ ഒരുക്കിയിട്ടുള്ളത്.

കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടും.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായെത്തിയ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്.