മാവോയിസ്റ്റിനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും-മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്ന് പോലീസ് സമ്മര്‍ദ്ദം.

പരിയാരം: കാട്ടാനയുടെ ആക്രമത്തില്‍ കാലിനും കൈക്കും പരിക്കേറ്റ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ചിക്മംഗളൂര്‍ സ്വദേശി എ.സുരേഷിനെ(45)പ്രവേശിപ്പിച്ച കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്തും ഐ.സി.യുവിന് മുന്നിലും കനത്ത പോലീസ് സുരക്ഷ തുടരുന്നു.

എ,കെ.-47 തോക്കുകളുമായി എ.എന്‍.എഫിന്റെ(ആന്റി നക്‌സല്‍ ഫോഴ്‌സ്)പത്തോളം സേനാംഗങ്ങളും നിരവധി പോലീസുകാരും ഇവിടെ ഡ്യൂട്ടിയിലുണ്ട്.

രാത്രി ഒന്‍പതോടെയാണ് സുരേഷിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

കാലിനും കൈയിലുമുള്ള പരിക്കുകളല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നും ഇയാള്‍ക്കില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

സര്‍ജറി ഐ.സി.യുവില്‍ കഴിയുന്ന ഇയാളെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് വിവരം.

ഇന്നലെ വൈകുന്നേരത്തോടെയാണ് പരിക്കേറ്റ ഇയാളെ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെ ചപ്പിലി കൃഷ്ണന്റെ വീട്ടിലെത്തിച്ച ശേഷം മാവോയിസ്റ്റ് സംഘം രക്ഷപ്പെട്ടത്.

മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ ചികില്‍സ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് രഹസ്യമാക്കി വെച്ചിരിക്കയാണ്.

ആര്‍ക്കും ഇത് സംബന്ധിച്ച വിവരങ്ങല്‍ നല്‍കരുതെന്ന് ഉന്നത പോലീസ് അധികൃതര്‍ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.