അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് പട്ടുവത്ത് 12500 രൂപ പിഴ ചുമത്തി ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്

തളിപ്പറമ്പ്: ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പട്ടുവം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ കച്ചേരിയിലെ രുചി ഹോട്ടലിനും ഹോട്ടലിന് മുകളില്‍ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെ.ലക്ഷ്മണന്റെ ക്വാര്‍ട്ടേഴ്‌സിനും 12,500 രൂപ പിഴ ചുമത്തി.

ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയില്‍ മാലിന്യങ്ങള്‍ വലിയ തോതില്‍ പല ഇടങ്ങളിലായി കൂട്ടിയിട്ട നിലയില്‍ കാണപ്പെട്ടു.

പാത്രങ്ങള്‍ കഴുകുന്ന വാഷ് ബേസിനില്‍ നിന്നും മലിനജലം പൈപ്പ് വഴി തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കി വിടുന്നതായും ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതായും കണ്ടെത്തി.

22തൊഴിലാളികള്‍ക്കും ഹോട്ടലിനും കൂടി 3 ശുചിമുറികള്‍ മാത്രമാണ് കാണപ്പെട്ടത്.

ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കാന്‍ സംവിധാനങ്ങള്‍ ക്വാര്‍ട്ടേഴ്‌സില്‍ ഒരുക്കി നല്‍കിയിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.

ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ മാലിന്യങ്ങളുടെ വേര്‍തിരിവ് ശരിയായ രീതിയില്‍ ചെയ്യുന്നില്ലെ്‌നും കണ്ടെത്തി.

ക്വാര്‍ട്ടേഴ്‌സിന് 10,000 രൂപയും ഹോട്ടലിന് 2500 രൂപയുമാണ് സ്‌ക്വാഡ് പിഴയിട്ടത്.

പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.പി.അഷ്റഫ, സ്‌ക്വാഡ് അംഗം അലന്‍ ബേബി, സി.കെ.ദിബില്‍, പട്ടുവം ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി.സോണിയ എന്നിവര്‍ പങ്കെടുത്തു.