പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിന്റെ ശാന്തത കെടുത്തി ആംബുലന്‍സ് ഡ്രൈവര്‍മാര്‍.
പാര്‍ക്കിംഗ് ഫീസ് നല്‍കണമെന്ന മെഡിക്കല്‍ കോളേജ് അധികൃതരുടെ ആവശ്യം പോലും അനുസരിക്കാതെ വെല്ലുവിളി ഉയര്‍ത്തുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ക്രമസമാധാനപ്രശ്‌നമായി തന്നെ മാറിയിരിക്കയാണ്.
പാര്‍ക്കിംഗ് ഫീസ്‌നല്‍കാതെ കാമ്പസിനകം കയ്യടക്കി അക്രമം നടത്തുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പാര്‍ക്കിംഗ് ഇവിടെ നിന്ന് മാറ്റണമെന്ന ആവശ്യം ശക്തിപ്പെട്ടുവരികയാണ്.
കഴിഞ്ഞ ദിവസം വിധിന്‍ എന്ന ആംബുലന്‍സ് ഡ്രൈവറെ മറ്റൊരു സംഘം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തിട്ടുണ്ട്.
നേരത്തെയും ഇവിടെ സംഘട്ടനവും കത്തിക്കുത്തും ഉള്‍പ്പെടെ നടന്നിരുന്നു. മെഡിക്കല്‍ കോളേജ് പരിസരത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരായ ശ്രീലേഷ്, അര്‍ജുന്‍, രോജിന്‍, റെജില്‍, വിപിന്‍ എന്നിവരുടെ പേരിലാണ് കേസ്.
കുറുമാത്തൂര്‍ കരിമ്പം പനക്കാട്ടെ ഇ.വിധിന്‍(35)നാണ് മരവടികൊണ്ടും കൈകൊണ്ടും മര്‍ദ്ദനമേറ്റത്. ജൂണ്‍ 16 ന് രാത്രി 10 മണിക്കായിരുന്നു സംഭവം.
ഇക്കഴിഞ്ഞ 15 ന് വിധിനെ മര്‍ദ്ദിച്ചതിന് പോലീസില്‍ പരാതി നല്‍കിയ വിരോധത്തിനാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനം.
ആംബുലന്‍സ് ഡ്രൈവര്‍മാരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്ന് ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ എസ്.ശിവസുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച അദ്ദേഹം കളക്ടര്‍ക്ക് പരാതി നല്‍കി.