പ്രമേഹരോഗികള്‍ക്കുംഇനി ധൈര്യമായി മധുരം കഴിക്കാം–മധുരതുളസി കൃഷിയുമായി ഷാജി-

പരിയാരം: പ്രമേഹരോഗികള്‍ക്കും ഇനി മധുരം കഴിക്കാം, പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ചെടിയായ മധുരതുളസി കൃഷിയുമായി ശ്രീസ്ഥയിലെ ഷാജി.

കടുത്ത പ്രമേഹരോഗികള്‍ക്കും ഇതിന്റെ മധുരം ഉപയോഗിക്കാം എന്നതാണ് പ്രത്യേകത.

വിദേശത്തുനിന്ന് കൊണ്ടുവരുന്ന മധുരതുളസിയുടെ പൗഡര്‍(സ്റ്റീവിയാ)ആണ് പലരും ഇപ്പോള്‍ ഉപയോഗിക്കുന്നത്.

എന്നാല്‍ ഇലകള്‍ ഉണക്കിപ്പൊടിച്ചാണ് ഇത് ഉപയോഗിക്കേണ്ടത്. ബേക്കറികളിലും ഇപ്പോള്‍ മധുരതുളസി ധാരാളമായി ഉപയോഗിച്ചു തുടങ്ങി.

അമിതവില കാരണം സാധാരണ ജനങ്ങള്‍ക്ക് വാങ്ങാന്‍ പറ്റുന്നില്ല എന്നതാണ് പ്രധാനപ്രശ്‌നം.

ഇതിനാലാണ് ഷാജി നാട്ടില്‍ തന്നെ കൃഷി വ്യാപിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നിന്നാണ് ചെടികള്‍ കൊണ്ടുവരുന്നത്.

കുമ്മായവും ജൈവവളങ്ങളും ഉപയോഗിച്ച് ഗ്രോ ബാഗുകളിലാണ് കൃഷി. സ്‌പ്രേയര്‍ ഉപയോഗിച്ച് ആവശ്യത്തിന് വെള്ളം നനച്ചു കൊടുക്കും.

മൂന്നു മാസം കൊണ്ട് പൂവിടാന്‍ തുടങ്ങുമ്പോള്‍ ഇലകള്‍ ഉള്‍പ്പടെ മുറിച്ചെടുക്കും. ചെടി പിന്നീട് വീണ്ടും തളിര്‍ത്തു തുടങ്ങും.

ഒരു ചെടിയില്‍ നിന്ന് അഞ്ചു വര്‍ഷം വരെ വിളവെടുക്കാം. നല്ല ആദായവുമാണ്.

75 സെന്റിമീറ്റര്‍ വരെ വളരുന്ന ദീര്‍ഘകാല വിളയാണിത്. അടുത്തകാലത്താണ് മധുരതുളസി ഭക്ഷ്യയോഗ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഇതിലടങ്ങിയിരിക്കുന്ന സ്റ്റീവിയോള്‍ ഗ്ലൈകോ സൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്.

ഇല ഉണക്കി പൊടിച്ച് ചൂടുവെള്ളത്തില്‍ 5 മുതല്‍ 7 മിനിറ്റ് വരെ തിളപ്പിച്ച് ഉപയോഗിക്കാം.

മുടികൊഴിച്ചില്‍, താരന്‍, മുഖക്കുരു എന്നിവയ്ക്ക് മധുരതുളസിയുടെ പച്ചയില വളരെ ഫലപ്രദമാണ്. കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും മധുര തുളസി കൃഷി ചെയ്യാനാവും.

വെള്ളം അധികം ആവശ്യമില്ലാത്ത ഒരു ചെടി കൂടിയാണിത്. വെള്ളരിക്കുണ്ട്, ഇരിട്ടി, മമ്പറം, ചെറുപുഴ, കാസര്‍ഗോഡ്, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിരവധിപേര്‍ ചെടി വാങ്ങാന്‍ ഷാജിയുടെ വീട്ടില്‍ എത്തുന്നുണ്ട്.

കൊറിയര്‍ വഴി അയക്കാനും പലരും ആവശ്യപ്പെടുന്നുണ്ട് .വിദേശത്തുള്ള പലരും വിളിച്ച് ചെടി ബുക്ക് ചെയ്യുന്നുമുണ്ട്.

മധുര തുളസിയുടെ ഉണങ്ങിയ ഇലകള്‍ എടുക്കാനും നിരവധി സ്ഥാപനങ്ങളുണ്ട്.

ചെടികള്‍ ആവശ്യമുള്ളവര്‍ക്ക് ഷാജിയുമായി ബന്ധപ്പെടാം– -9947316699.