ഭാര്യ വെയിറ്റിംഗ് ഷെഡ്ഡില്‍ ഉപേക്ഷിച്ച ചന്ദ്രന്റെ പ്രതീക്ഷ ഇനി ഹോപ്പില്‍.
പരിയാരം: ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്ത് കൂട്ടിക്കൊണ്ടുപോയ ഭാര്യ വെയിറ്റിംഗ് ഷെല്‍ട്ടറില്‍ ഉപേക്ഷിച്ചു പോയ വാരം സ്വദേശി ചന്ദ്രന്(55) ഒടുവില്‍ ഹോപ്പിന്റെ കൈത്താങ്ങ്.

25 ന് ഉച്ചക്കാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ അവശനിലയില്‍ കണ്ട ചന്ദ്രനെ നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം പരിയാരം പോലീസ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്.
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നാണ് ചന്ദ്രനെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്.
മെഡിക്കല്‍ കോളേജില്‍ താന്‍ മയ്യില്‍ വേളം സ്വദേശിയാണെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്.
മെഡിക്കല്‍ കോളേജ് അധികൃതരും പരിയാരം പോലീസും വേളത്തെ വാര്‍ഡ് അംഗവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും ഇത്തരത്തില്‍ ഒരാള്‍ മയ്യില്‍ പ്രദേശത്ത് ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.
സ്ട്രോക്ക് ബാധിച്ച് അവശനിലയിലായ ചന്ദ്രനെ ബന്ധുക്കള്‍ വരാതെ ഡിസ്ച്ചാര്‍ജ് ചെയ്യാന്‍ സാധിക്കാതെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസില്‍ അറിയിച്ചിരുന്നു.
ഇതിനിടയിലാണ് ഭാര്യ എത്തിയത്.
നേരത്തെ കണ്ണൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ചന്ദ്രന് വാരത്താണ് വിവാഹം കഴിച്ച് താമസിച്ചിരുന്നത്.
ഭാര്യയും രണ്ട് ആണ്മക്കളും നല്ല നിലവാരത്തില്‍ ജീവിക്കുന്നവരാണ്.
ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് പരിയാരം പോലീസും ജീവകാരുണ്യ പ്രവര്‍ത്തകരും മുന്‍കൈയെടുത്ത് ഇയാളെ ഹോപ്പിന്റെ സംരക്ഷണയില്‍ വിടാന്‍ തീരുമാനിച്ചത്.
പരസഹായമില്ലാതെ നടക്കാന്‍ കടുത്ത ബുദ്ധിമുട്ട് നേരിടുന്ന ചന്ദ്രനെ കഴിഞ്ഞ ദിവസം ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ.എസ്.ജയമോഹന്, ഷനില്‍ പിലാത്തറ എന്നിവര്‍ ചേര്‍ന്ന് ഏറ്റെടുത്തു.
