സുക്കോള്‍ഭവനം-അതേപടി സംരക്ഷിക്കും-10-ാം ചരമവാര്‍ഷികദിനത്തില്‍ മ്യൂസിയം-
Report–കരിമ്പം.കെ.പി.രാജീവന്‍
പരിയാരം: പാവങ്ങളുടെ ആശ്രയകേന്ദ്രമായ ഫാ.എല്‍.എം.സുക്കോളിന്റെ ഭവനം അതേ രൂപത്തില്‍ സംരക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു.
2014 ല്‍ നിര്യാതനായ സുക്കോളച്ചന്‍ 40 വര്‍ഷത്തോളം താമസിച്ച പരിയാരം മരിയപുരത്തെ ഭവനമാണ് സംരക്ഷിക്കുന്നത്.
കെട്ടിടത്തിന്റെ നിലവിലുള്ള ഘടനക്ക് യാതൊരു കോട്ടവും തട്ടാത്ത വിധത്തില്‍ കെട്ടിടത്തെ വലയം ചെയ്ത് ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ചാണ് മേല്‍പ്പുര പണിയുന്നത്.
സുക്കോളച്ചന്റെ എട്ടാം ചരമവാര്‍ഷിക ദിനമായ ജനുവരി 6 ന് മുമ്പായി പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മരിയപുരം നിത്യസഹായ മാതാ ദേവാലയ വികാരി ഫാ.ഷാജു ആന്റണി പറഞ്ഞു.
അച്ചന്റെ പത്താം ചരമവാര്‍ഷിക ദിനത്തില്‍ ഈ ഭവനം സുക്കോളച്ചന്‍ മ്യൂസിയമായി മാറ്റും.
അദ്ദേഹം 40 വര്‍ഷം താമസിച്ച മുറി, ഉപയോഗിച്ച വസ്തുക്കള്‍ എന്നിവയെല്ലാം അതേപടി സംരക്ഷിച്ച് സൂക്ഷിച്ചിട്ടുണ്ട്.
കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ തകര്‍ന്നു വീണേക്കാമെന്ന അവസ്ഥവന്നതിനെ തുടര്‍ന്നാണ് ഇത് പുതുക്കി പണിയാന്‍ നിശ്ചയിച്ചത്.
അച്ചന്‍ താമസിച്ച വീട് അതേപടി നിലനിര്‍ത്തണമെന്ന വിശ്വാസികളുടെ താല്‍പര്യം പരിഗണിച്ചാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഇത് നിലവിലുള്ള സ്ഥിതിയില്‍ തന്നെ ബലപ്പെടുത്താന്‍ കണ്ണൂര്‍ രൂപതാ അധികൃതര്‍ തീരുമാനിച്ചത്.
കണ്ണൂര്‍ രൂപതയില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു പുനര്‍നിര്‍മ്മാണം നടക്കുന്നത്.
1974 ല്‍ മരിയപുരം പള്ളിയിലെ ഇടവക വികാരിയായി എത്തിയ ഇറ്റാലിയന്‍മിഷനറിയായ ഫാ.എല്‍.എം.സുക്കോള്‍ തനിക്ക് താമസിക്കാനായി നിര്‍മ്മിച്ച രണ്ട് മുറികള്‍ മാത്രമുള്ള കെട്ടിടത്തില്‍ കിടപ്പ് മുറിയും ലൈബ്രറിയും ഓഫീസുമാണ് പ്രവര്‍ത്തിച്ചിരുന്നത്.
തന്റെ തൊണ്ണൂറ്റിയെട്ടാം വയസിലാണ് അദ്ദേഹം മരണപ്പെട്ടത്. 40 വര്‍ഷത്തോളം ഒരേ പള്ളിയുടെ ഇടവക വികാരിയായി പ്രവര്‍ത്തിച്ചതും ഇദ്ദേഹം മാത്രമാണ്.