പശുക്കളോടൊപ്പം തളിപ്പറമ്പില്‍ കുതിരകളും തെരുവില്‍ വിലസുന്നു.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ ദേശീയപാതയോരവും മാര്‍ക്കറ്റും സമീപ പ്രദേശങ്ങളും ഇപ്പോള്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളോടൊപ്പം കുതിരകളും കയ്യടക്കി.
പശുക്കള്‍ക്കൊപ്പം കുതിരകള്‍ കൂടി അലഞ്ഞു നടക്കുന്നത് വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയായിരിക്കുകയാണ്.
തിരക്കേറിയ ദേശീയപാത കയ്യേറുന്ന പശുക്കള്‍ റോഡില്‍ വലിയ ഗതാഗതതടസ്സംതന്നെ സൃഷ്ടിക്കുന്നു.
കുതിരകളാക്കട്ട നഗരസഭാ ബസ്റ്റാന്റ് പരിസരങ്ങളിലും, കോര്‍ട്ട് റോഡിലുമാണ് തടസം സൃഷ്ടിക്കുന്നത്.
മൂന്ന് കുതിരകളാണ് നഗരത്തില്‍ ഉണ്ടായിരുന്നത്. അതില്‍ ഒന്നിന്റെ ഉടമസ്ഥനെ കണ്ട് നഗരസഭ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയതിനാല്‍ ഒന്നിനെ പിടിച്ച് കെട്ടിയിട്ടുണ്ട്.
മറ്റ് രണ്ട് കുതിരകളാണ് നഗരത്തില്‍ അലഞ്ഞു തിരിയുന്നത്.
നഗരസഭ നാല് പശുക്കളെയാണ് പിടിച്ച് കെട്ടിയിട്ടുള്ളത് അതില്‍ രണ്ട് പശുക്കളുടെ ഉടമസ്ഥര്‍ നഗരസഭയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
നഗരസഭ ചുമത്തുന്ന പിഴ അടച്ച് ഇവര്‍ക്ക് ഉപാധികളോടെ ഇവര്‍ക്ക് പശുക്കളെ കൈമാറും വീണ്ടും തെരുവിലേക്ക് ഇവയെ അഴിച്ച് വിട്ടാല്‍ പിന്നീട് ഇതിനെ ഉടമസ്ഥന് കൈമാറില്ലെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
കന്നുകാലികളെ പിടികൂടുന്നവര്‍ക്കുള്ള കൂലി രണ്ടായിരത്തില്‍ നിന്ന് നാലായിരമാക്കി നഗരസഭ ഉയര്‍ത്തിയിട്ടുണ്ട്.