വി.എം.ആയിഷക്ക് 50,000 രൂപ പിഴ. ഇനി കക്കൂസ് മാലിന്യം ഒഴുക്കൂല്ല—മാപ്പാക്കണം.
തളിപ്പറമ്പ്: തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ട കെട്ടിടം ഉടമക്ക് 50,000 രൂപ പിഴ.
തളിപ്പറമ്പ് നഗരസഭാഅധികൃതരാണ് പാലകുളങ്ങരയിലെ ക്വാര്‍ട്ടേഴ്‌സ് ഉടമയായ തളിപ്പറമ്പ് ആസാദ്‌നഗറിലെ ബത്താലി വീട്ടില്‍ ജമാലിന്റെ ഭാര്യ വി.എം.ആയിഷയില്‍ തുക ഈടാക്കിയത്.
പാലകുളങ്ങരയിലൂടെ കടന്നുപോകുന്ന തോട്ടില്‍ കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയോടെയാണ് കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നഗരസഭ കൗണ്‍സിലര്‍മാരായ സി.മുഹമ്മദ് സിറാജ്, കെ.വല്‍സരാജ് എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച രാവിലെ തന്നെ സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.
നഗരസഭാ സെക്രട്ടറി കെ.പി.സുബൈറും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പോലിസും പിന്നീട് സ്ഥലത്ത് എത്തിയിരുന്നു.
ഇവിടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് പിന്നിലാണ് കക്കൂസ് ടാങ്കുകള്‍ ഉണ്ടായിരുന്നത്. ഈ ഭാഗത്ത് നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് കടന്ന് ചെല്ലാന്‍ സാധിക്കാത്ത നിലയിലായിരുന്നു.
ആശാവര്‍ക്കര്‍മാര്‍ എത്തിയാല്‍ മിക്കവാറും വീട് പൂട്ടിയിട്ട നിലയിലാണ് ഉണ്ടാകാറുള്ളത്.
പുരുഷന്‍മാര്‍ മാത്രം താമസിക്കുന്ന കെട്ടിടത്തിനകത്ത് കയറി പിന്‍വശത്തേക്ക് പോയി പരിശോധന നടത്താന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു.
നഗരസഭാ അധികൃതര്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചതോടെയാണ് കെട്ടിട ഉടമ പിഴയടച്ച് മറ്റ് നിയമനടപടികളില്‍ നിന്ന് തലയൂരിയത്.