ടി.ടി.കെ ദേവസ്വത്തെ കറവപശു ആക്കാനുള്ള സി പി എം ശ്രമത്തെ എന്ത് വില കൊടുത്തും തടയും-എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: പി.ഗോപിനാഥന്റെ പ്രതികരണത്തിന് എ.പി.ഗംഗാധരന്റെ മറുപടി പൂര്‍ണ്ണരൂപത്തില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു-

മുല്ലപ്പള്ളി നാരായണന്‍ എന്ന ദേവസ്വത്തിലെ വെറും ജൂനിയറായ എല്‍.ഡി ക്ലാര്‍ക്കിനെ എക്‌സിക്യുട്ടീവ് ഓഫീസര്‍ പദവിയില്‍ അവരോധിച്ച് പകല്‍കൊള്ള തുടരാനുള്ള സി പി എം നീക്കങ്ങള്‍ നിയമപരമായി തടയപ്പെട്ടതിന്റെ വെപ്രാളമാണ് പി.ഗോപിനാഥന്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ക്ക് ഉള്ളതെന്ന് ശ്രീകൃഷ്ണ സേവാസമിതി പ്രസിഡന്റ് എ.പി.ഗംഗാധരന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

മുല്ലപ്പള്ളി നാരായണന്‍ താല്‍ക്കാലിക എക്‌സി: ഓഫീസറായി ചുമതല നിര്‍വ്വഹിച്ച് നിയമ വിരുദ്ധമായി ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയ കാലയളവില്‍ പി ഗോപിനാഥന്‍, കെ.വി.കൃഷ്ണന്‍ എന്നിവര്‍ അടക്കമുള്ള സി.പി.എം നേതാക്കളാണ് ടി ടി കെ ദേവസ്വം ഭരണസമിതിയില്‍ ഉണ്ടായിരുന്നത്.

പി ഗോപിനാഥന്‍, കെ വി കൃഷ്ണന്‍ എന്നിവര്‍ അടക്കമുള്ള സി പി എം നേതാക്കളുടെ ഒത്താശയോടെയാണ് മുല്ലപ്പള്ളി നാരായണന്‍ ലക്ഷക്കണക്കിന് രൂപ ദേവസ്വം ഫണ്ട് കൈക്കലാക്കിയിട്ടുള്ളത്.

ഇക്കാര്യത്തില്‍ ഭരണ സമിതി അംഗങ്ങളുടെ പങ്ക് പറ്റലും അന്വേഷണ വിധേയമാക്കണം.

കേരള ഓഡിറ്റ് വകുപ്പ് തിരിച്ചടക്കാന്‍ നിര്‍ദ്ദേശിച്ച ലക്ഷക്കണക്കിന് രൂപ സി ഐ ടി യു ഏരിയ പ്രസിഡന്റായ മുല്ലപ്പള്ളി നാരായണന്‍ തിരിച്ചടക്കാത്തതിന്റെ കാരണം ഇതൊരുകൂട്ട് ഇടപാട് ആയതുകൊണ്ടാണെന്ന് ന്യായമായും സംശയിക്കേണ്ടതുണ്ട്.

ദേവസ്വത്തില്‍ നിന്നും നിയമവിരുദ്ധമായി അപഹരിക്കപ്പെട്ട ലക്ഷക്കണക്കിന് രൂപ ആര്‍ക്കൊക്കെ വീതിക്കപ്പെട്ടിട്ടുണ്ട് എന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്.

എന്നാല്‍ എല്ലാ അന്വേഷണങ്ങളെയും സി പി എം നേതൃത്വം ഭയപ്പെടുന്നത് കൊണ്ടാണ് മുല്ലപ്പള്ളി നാരായണനെ സസ്‌പെന്റ് ചെയ്ത ക്ഷേത്രഭരണ സമിതിയുടെ നിയമപരമായ നടപടിയെപോലും സി പി എം കൈയ്യൂക്ക് ഉപയോഗിച്ച് നേരിട്ടത് എന്നത് ജനങ്ങള്‍ക്കെല്ലാം അറിവുള്ള കാര്യമാണ്.

മുല്ലപ്പള്ളി നാരായണന്‍ എക്‌സി: ഓഫീസറുടെ താല്‍ക്കാലിക ചുമതലയില്‍ ഇരുന്ന് നടത്തിയ നിരവധി ക്രമക്കേടുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളെയും സി പി എം ഭരണാധികാരം ഉപയോഗിച്ച് അട്ടിമറിക്കുകയാണ്.

ഇന്ന് വലിയ വരുമാനത്തിലേക്ക് ഉയര്‍ന്ന ശ്രീരാജരാജേശ്വര ക്ഷേത്രത്തിന്റെയും തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും ഭരണാധികാരം കുത്സിത മാര്‍ഗ്ഗങ്ങളിലൂടെ പൂര്‍ണ്ണമായും കൈപ്പിടിയിലാക്കാന്‍ സി പി എം നേതാക്കള്‍ നടത്തുന്നശ്രമം ദേവസ്വം ഫണ്ട് പല വിധേന കൈക്കലാക്കി പങ്കിട്ടെടുക്കുന്നതിന് വേണ്ടിയാണെന്ന കാര്യം വ്യക്തമാണ്.

തളിപ്പറമ്പ് മേഖലയില്‍ തന്നെ തകര്‍ന്ന് കിടക്കുന്ന നിരവധി ക്ഷേത്രങ്ങളുണ്ടായിരിക്കെ അതിന്റെയൊന്നും നാലയല്‍വക്കത്ത് പോകാത്ത അവിശ്വാസികളായ സി പി എം നേതാക്കളാണ് ഇപ്പോള്‍ ടി ടി കെ ദേവസ്വം ഭരണകാര്യത്തില്‍ നിരന്തരം ഇടപെട്ട് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്.

ചില സി പി എം നേതാക്കളുടെ ധനാര്‍ത്തി നമ്മുടെ പ്രധാനക്ഷേത്രങ്ങളെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുകയാണ്.

ഇതിനെതിരെ ഭക്തജന സമൂഹം ശക്തമായി പ്രതികരിക്കണമെന്ന് എ പി ഗംഗാധരന്‍ ആവശ്യപ്പെട്ടു.

പാരമ്പര്യേതര ട്രസ്റ്റിമാര്‍ ഇല്ലാത്ത സമയത്താണ് മുല്ലപ്പള്ളി നാരായണനെ എക്‌സി ഓഫീസര്‍ ഇന്‍ചാര്‍ജ് ആക്കിയത് എന്ന് കൂടി ഗോപിനാഥനെ ഓര്‍മപെടുത്തുന്നു.

ഗോപിനാഥന്‍ ഉള്‍പെടെയുള്ള ട്രസ്റ്റിമാര്‍ ഉള്ള സമയത്താണ് ക്രമക്കേടുകള്‍ നടന്നത് എന്നതും വസ്തുതയാണെന്ന് ഗംഗാധരന്‍ പറഞ്ഞു.