എം.ഡി.എം.എക്കാരായ ദില്‍ഷാദിനേയും അഫ്രീദിയേയും പോലീസ് സിനിമാ സൈറ്റലില്‍ പിന്തുടര്‍ന്ന് പിടികൂടി.
പയ്യന്നൂര്‍: ഇന്നോവകാറില്‍ എം.ഡി.എം.എ കടത്തിയ സംഘത്തെ പോലീസ് സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി.
പരിയാരം ചുടലയിലെ കാനത്തില്‍ വീട്ടില്‍ മുഹമ്മദ് അഫ്രീദി(24), തളിപ്പറമ്പ് സയ്യിദ്‌നഗറിലെ ചുള്ളിയോടന്‍ വീട്ടില്‍ സി.മുഹമ്മദ് ദില്‍ഷാദ്(30) എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ. പി.എ.ടോമിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുപ് പലിവാളിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമിന് നേരത്തെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി 7.30 ന് ദേശീയപാതയില്‍ കോത്തായിമുക്കിന് സമീപത്തുവെച്ചാണ് പ്രതികള്‍ സഞ്ചരിച്ച കെ.എല്‍-60 എസ്-2298 നമ്പര്‍ ഇന്നോവ കാറിന് പോലീസ് കൈനീട്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.
വാഹനം നിര്‍ത്തിയ പ്രതികള്‍ പോലീസ് അടുത്തെത്തിയപ്പോള്‍ അമിതവേഗതയില്‍ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു.
കാറിനെ പിന്തുടര്‍ന്ന പോലീസ് കണ്ടോത്ത് പെട്രോള്‍പമ്പിന് സമീപത്തുവെച്ചാണ് പോലീസ് വാഹനം കുറുകെയിട്ട് ഇവരെ തടഞ്ഞത്. കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ച ഇരുവരെയും പോലീസ് കീഴ്‌പ്പെടുത്തി കസറ്റഡിയിലെടുത്തു.
80,000 രൂപ വിലമതിക്കുന്ന 41.250 ഗ്രാം എം.ഡി.എം.എ, നാല് മൊബൈല്‍ ഫോണുകള്‍ 70 രൂപ, ഐ.ഡി.കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവ പോലീസ് പിടിച്ചെടുത്തു.
ഇരുവരും പരിയാരം, തളിപ്പറമ്പ് പ്രദേശങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണെന്ന് പോലീസ് പറഞ്ഞു.
ഇവരില്‍ മുഹമ്മദ് അഫ്രീദി അടുത്തിടെയാണ് മയക്കുമരുന്നുകേസില്‍ റിമാന്‍ഡിലായി ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
ഗ്രേഡ് എസ്.ഐമാരായ മനോജ്കുമാര്‍, ജോമി ജോസഫ്, സീനിയര്‍ സി.പി.ഒ അബ്ദുല്‍ ജബ്ബാര്‍, സി.പി.ഒ ഷംസുദ്ദീന്‍ എന്നിവരും ഡാന്‍സാഫ് ടീം അംഗങ്ങളും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.