പ്രശസ്ത യൂറോളജിസ്റ്റും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വിദഗ്ദനുമായ ഡോ. ജോര്‍ജ് പി എബ്രഹാം തൂങ്ങിമരിച്ച നിലയില്‍
കൊച്ചി: പ്രശസ്ത യൂറോളജിസ്റ്റും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വിദഗ്ദനുമായ ഡോ. ജോര്‍ജ് പി എബ്രഹാം മരിച്ച നിലയില്‍. 70 വയസ്സായിരുന്നു. ആലുവയ്ക്കടുത്ത് നെടുമ്പാശ്ശേരിയിലെ ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊച്ചിയിലെ ഇളംകുളം സ്വദേശിയാണ്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനാണ്.
കൊച്ചിയില്‍ ഏറ്റവും കൂടുതല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയതിന് പേരുകേട്ടയാളാണ് ഡോ. ജോര്‍ജ് പി എബ്രഹാം. ഞായറാഴ്ച വൈകുന്നേരം ജോര്‍ജും സഹോദരന്‍ പോളും നെടുമ്പാശ്ശേരിക്ക് സമീപമുള്ള തുരുത്തിശ്ശേരിയിലെ ജിപി ഫാംഹൗസിലെത്തി. തുടര്‍ന്ന് ജോര്‍ജ് സഹോദരനോട് കുറച്ചു സമയം തനിച്ചായിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഇതേത്തുടര്‍ന്ന് പോള്‍ സ്ഥലം വിട്ടു.
പിന്നീട് ജോര്‍ജിന്റെ പ്രതികരണമൊന്നും ലഭിക്കാത്തതിനാല്‍, ബന്ധുക്കള്‍ ഫാം ഹൗസിലെത്തിയപ്പോള്‍ പടിക്കെട്ടിന്റെ കൈവരികളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ഡോ. ജോര്‍ജ് കുറച്ചുനാളായി വിഷാദത്തിലായിരുന്നുവെന്നാണ് നെടുമ്പാശ്ശേരി പൊലീസ് വ്യക്തമാക്കുന്നത്. രാത്രി 7.30 നും രാത്രി 10.30 നും ഇടയിലാണ് മരണം സംഭവിച്ചത്.
ഡോ. ജോര്‍ജ് പി എബ്രഹാമിന്റെ മൃതദേഹം ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.