വാട്‌സ്ആപ്പ് ലോട്ടറി ശൃംഖലയിലെ മുഖ്യകണ്ണിയെ രാജപുരം പോലീസ് പിടികൂടി.
ചുള്ളിക്കര: വാട്‌സ്ആപ്പ് ലോട്ടറി ശൃംഖലയിലെ മുഖ്യകണ്ണിയെ രാജപുരം പോലീസ് പിടികൂടി.

കോടോം പടിമരുത് വെള്ളരിക്കുണ്ട്
ഉന്നതിയിലെ എം.രാമന്‍(55)നെയാണ് രാജപുരം എസ്.ഐ സി.പ്രദീപ്കുമാര്‍ അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ 10.40 ന് ചുള്ളിക്കര കാര്‍ഷികവികസന ബേങ്കിന് മുന്നില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പട്രോളിങ്ങിനിടയില്‍ പോലീസ് ഇയാളെ പിടികൂടിയത്.
കേരള ലോട്ടറിയെ സാരമായി ബാധിച്ച വാട്‌സ്ആപ്പ് ലോട്ടറിയുടെ പ്രധാന ഏജന്റായ ഇയാള്‍ നിരവധിയാളുകള്‍ അയച്ചുകൊടുത്ത നമ്പറുകള്‍ ലോട്ടറിയുടെ മുഖ്യസംഘാടകനായ പി.കെ.കെ. എന്നറിയപ്പെടുന്ന കൊട്ടോടിയിലെ പ്രഭാകരന്‍ എന്നയാളുടെ വാട്‌സ്ആപ്പിലേക്ക് അയക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയില്‍പെട്ടത്.
2350 രൂപയും പിടിച്ചെടുത്തു.
ഓരോ നമ്പറിനും ഏജന്റായ രാമന് പ്രഭാകരന്‍ കമ്മീഷന്‍ നല്‍കുമെന്ന് പോലീസ് പറഞ്ഞു.
പി.കെ.കെ.യുടെ കീഴില്‍ ഇത്തരത്തില്‍ നൂറുകണക്കിന് ഏജന്റുമാരാണ് പ്രവര്‍ത്തിക്കുന്നത്.
മൂന്നക്ക നമ്പര്‍ വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്താല്‍ കേരള ഭാഗ്യക്കുറിയുടെ റിസള്‍ട്ടുമായി ഒത്തുനോക്കി മൂന്നു നമ്പരും ശരിയായാല്‍ 5000 രൂപയും രണ്ട് നമ്പറിന് 500 രൂപയും ഒരു നമ്പറിന് 100 രൂപയുമാണ് ലഭിക്കുക.
ഒരു കേരള ലോട്ടറി എടുക്കുന്ന 50 രൂപക്ക് 5 വാടസ്ആപ്പ് ലോട്ടറി എടുക്കാന്‍ കഴിയും.
വ്യാജലോട്ടറി രംഗത്തെ മുടിചൂടാമന്നനായ പ്രഭാകരനെ തേടി പോലീസ് എത്തിയെങ്കിലും ഇയാള്‍ മുങ്ങിയിരിക്കയാണ്.
പോലീസ് ഇയാള്‍ക്ക് വേണ്ടി വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എ.എസ്.ഐ ഓമനക്കുട്ടന്‍, സീനിയര്‍ സി.പി.ഒ സതീഷ്‌കുമാര്‍, സി.പി.ഒ ശരത്ചന്ദ്രന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
