ജെ.എസ്.കെ. ജാനകിക്ക് ഇനിഷ്യല്‍ വരും, വി.ജാനകി വേഴ്‌സസ് സ്റ്റേറ്റഅ ഓഫ് കേരള.
കൊച്ചി: ജെഎസ്‌കെ – ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. പേരിനൊപ്പം ഇനീഷ്യല്‍ കൂടി ചേര്‍ത്ത് പേര് ജാനകി വി എന്നാക്കി മാറ്റാമെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. നേരത്തേ കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

സിനിമയുടെ രണ്ടു ഭാഗങ്ങളില്‍ ജാനകി എന്ന പേര് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുകയോ പേരു മാറ്റുകയോ ചെയ്യാമെന്ന നിബന്ധനയും നിര്‍മാതാക്കള്‍ അംഗീകരിച്ചു. മാറ്റങ്ങള്‍ വരുത്തിയ ഭാഗങ്ങള്‍ വീണ്ടും സമര്‍പ്പിച്ചാല്‍ 3 ദിവസത്തിനുള്ളില്‍ ചിത്രത്തിന് അനുമതി നല്‍കാന്‍ സാധിക്കുമെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.
കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ ജസ്റ്റിസ് എന്‍ നഗരേഷ് മാറ്റി. ബുധനാഴ്ച രാവിലെയും പിന്നീട് ഉച്ച കഴിഞ്ഞ് 2 മണിക്കും കേസ് പരിഗണിച്ചപ്പോഴും സിനിമയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചിരുന്നില്ല. സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യല്‍ കൂടി ചേര്‍ത്ത് സിനിമയുടെ പേര് ‘വി ജാനകി’ എന്നോ ‘ജാനകി വി’ എന്നോ ആക്കുക, ചിത്രത്തില്‍ ക്രോസ് വിസ്താര രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് ‘മ്യൂട്ട്’ ചെയ്യുക തുടങ്ങിയ മാറ്റങ്ങള്‍ വരുത്തിയാല്‍ അനുമതി നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ് രാവിലെ അറിയിച്ചിരുന്നു.
തുടര്‍ന്ന് ഉച്ചകഴിഞ്ഞ് ചേര്‍ന്നപ്പോള്‍ പേര് മ്യൂട്ട് ചെയ്യുന്ന കാര്യം അംഗീകരിക്കുന്നു എന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. സിനിമയുടെ ടീസര്‍ അടക്കമുള്ളവ ജാനകി എന്ന പേരില്‍ ആയതിനാല്‍ പേരു മാറ്റുക ബുദ്ധിമുട്ടാണെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തില്‍ ഉറച്ചു നിന്നതോടെ കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ പേരു മാറ്റാമെന്ന് നിര്‍മാതാക്കള്‍ അറിയിക്കുകയായിരുന്നു. ഇതോടെ ചിത്രത്തിന്റെ പേര് ‘ജെഎസ്‌കെ- ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നായി മാറും
