ഭണ്ഡാര മോഷണ വിഷയം സി ഐ ടി യു വിന്റെ നിലപാട് ലജ്ജാകരം-ബി.എം.എസ്.

തളിപ്പറമ്പ്: തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രം ക്ലാര്‍ക്കായ മുല്ലപ്പള്ളി നാരായണന്‍ ഭണ്ഡാരം എണ്ണുമ്പോള്‍ പണം മോഷ്ടിക്കുന്നതിന്റെ
സി സി ടി വി ദൃശ്യങ്ങള്‍ എങ്ങനെ പുറത്ത് വന്നു എന്ന് ആശങ്കപ്പെടുന്ന സി ഐ ടി യു നേതാക്കളുടെ സമീപനം സത്യസന്ധരായ മറ്റ് ക്ഷേത്ര ജീവനക്കാരോടും ഭക്തജന സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് (ബി എം എസ്) ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.

ക്ഷേത്രത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ സുതാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ദേവസ്വം സ്ഥാപിച്ചിട്ടുള്ള സി സി ടി വി യില്‍ സി ഐ ടി യു ഏരിയാ പ്രസിഡന്റ് പണം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ മോഷ്ടാവിനെതിരെ മാതൃകാപരമായ ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നതിന് പകരം സി സി ടി വി ദൃശ്യം എങ്ങനെ പുറത്ത് വന്നു എന്നതില്‍ പരിഭ്രാന്തരായ സി ഐ ടി യു നേതാക്കള്‍ ഇപ്പോള്‍ പരസ്പരബന്ധമില്ലാതെ സംസാരിക്കുകയാണ്.

ഭണ്ഡാര മോഷണത്തിന് സസ്‌പെന്‍ഷനിലായ സി ഐ ടി യു നേതാവിനെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ പോലും തയ്യാറില്ലാത്ത സി ഐ ടി യു നേതൃത്വം ന്യായീകരണ കാപ്‌സ്യൂള്‍ ഇറക്കി മോഷ്ട്ടാവിന് സംരക്ഷണ കവചം തീര്‍ക്കുകയാണ്.

ഇത് തിരിച്ചറിയാന്‍ ക്ഷേത്ര ജീവനക്കാര്‍ക്കും ഭക്തജനങ്ങള്‍ക്കും സാധിക്കുമെന്നും പ്രസതാവനയില്‍ പറഞ്ഞു.

യോഗത്തില്‍ ടി.കെ.ബാബു അധ്യക്ഷത വഹിച്ചു .കൊമ്പിലാത്ത് നാരായണന്‍, രാഹുല്‍ ആര്‍ നാഥ്, കൃഷ്ണപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.