കെപിസിസി സ്‌നേഹ ഭവനംകട്ടിളവെപ്പ് കര്‍മ്മം ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു

പരിയാരം: വൈക്കം സത്യാഗ്രഹ സമരസേനാനി രാമന്‍ ഇളയതിന്റെ കുടുംബത്തിന് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കടന്നപ്പളളി-പാണപ്പുഴ പഞ്ചായത്തിലെ ഭൂദാനം കേളപ്പജി നഗറില്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹഭവനത്തിന്റെ കട്ടിളവെപ്പ് കര്‍മ്മം ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.

കെപിസിസി സംഘടിപ്പിച്ച ഒരു വര്‍ഷം നീണ്ടു നിന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എടുത്ത തീരുമാന പ്രകാരമാണ് ഭവനരഹിതരായ സമരസേനാനി രാമന്‍ ഇളയതിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുന്നത്.

പാണപ്പുഴ ഭൂദാനത്ത് കേരള സര്‍വോദയ മണ്ഡലം അനുവദിച്ച ഇരുപത് സെന്റ് സ്ഥലത്ത് മുന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം പി തറക്കല്ലിട്ടാണ് ഭവന നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്.

2025 ഡിസംബറില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കുടുംബത്തിന് കൈമാറുമെന്ന് ചടങ്ങില്‍ വെച്ച് ഡിസിസി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.

രാമന്‍ ഇളയതിന്റെ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ കെപിസിസി മെമ്പര്‍ എം.പി. ഉണ്ണികൃഷ്ണന്‍, സ്‌നേഹ ഭവന നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി.ആര്‍.മോഹന്‍ദാസ്, കണ്‍വീനര്‍ രാജേഷ് മല്ലപ്പളളി, ട്രഷറര്‍ കെ.പി.മുരളീധരന്‍,

മഹിള കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട്, കൂനത്തറ മോഹനന്‍, സന്ദീപ് പാണപ്പുഴ, എം.എന്‍.പൂമംഗലം, ഡോ.പി.പി.ബാലന്‍, കെ.കെ.പി.ബാലകൃഷ്ണന്‍, തീയ്യറേത്ത് രാജന്‍ എന്നിവര്‍ പങ്കെടുത്തു.