തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ആറേകാലോടെ മോക് പോളിങ്ങ് നടത്തി. തുടര്‍ന്നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ മുതല്‍ തന്നെ വോട്ടു ചെയ്യാനായി പോളിങ് ബൂത്തുകളില്‍ നീണ്ട നിരയുണ്ട്. പറവൂരിലെ കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ കോളജിലെ ബൂത്തിലെത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് രാവിലെ തന്നെ എത്തി വോട്ടു രേഖപ്പെടുത്തി. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമെത്തിയാണ് സതീശന് വോട്ടു ചെയ്തത്.
തിരുവനന്തപുരം മുടവന്‍മുഗളിലെ സ്കൂളില്‍ നടന് മോഹന്‍ലാല്‍ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ്.ശബരീനാഥനും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടിയും മോഹന്‍ലാലിനൊപ്പം രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി. അമ്പലപ്പുഴയിലെ യുഡിഫ് പിന്തുണയുള്ള സ്വതന്ത്രന് ജി.സുധാകരനും ഭാര്യയ്ക്കൊപ്പമെത്തി വോട്ടു ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂരില്‍ വോട്ടു ചെയ്തു. മന്ത്രി മുഹമ്മദ് റിയാസ് അടക്കം നിരവധി പ്രമുഖര്‍ രാവിലെ വോട്ടു ചെയ്തവരില്‍പ്പെടുന്നു.
പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് കേരളം ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. 883 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തില്‍ 53984 സര്‍വീസ് വോട്ടര്‍മാര്‍ ഉള്‍പ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. വോട്ടെടുപ്പിനായി 30495 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.