കേരള രാഷ്ട്രീയത്തില്‍ വെട്ടിത്തിളങ്ങി വേറിട്ടുനില്‍ക്കുന്ന ചൈതന്യമുള്ള കോണ്‍ഗ്രസുകാരനായി മാറിയിരിക്കയാണ് മുന്‍ കെ.പി.സി.സി മെമ്പര്‍ കൂടിയായ കല്ലിങ്കീല്‍ പത്മനാഭന്‍.
ഓര്‍മ്മവെച്ച കാലംമുതല്‍ കോണ്‍ഗ്രസിന്റെ കൊടിമാത്രം പിടിച്ച കല്ലിങ്കീല്‍ എതിരാളികളുടെ തന്ത്രങ്ങളില്‍ നിന്നും സ്വന്തം പാര്‍ട്ടിയിലെ രാഷ്ടീയ എതിരാളികളുടെ കുതന്ത്രങ്ങളില്‍ നിന്ന് പോലും വീഴാതെ പിടിച്ചുനിന്നത് ഒരല്‍ഭുതമായി മാത്രമേ പ്രതിപക്ഷ രാഷ്ട്രീയകക്ഷികള്‍ക്ക് പോലും കാണാനാവൂ.
പി.എം.ശിവജിനായര്‍, സി.സി.ശ്രീധരന്‍, പി.വി.ബാലകൃഷ്ണന്‍നായര്‍, കെ.പി.മൂസക്കുട്ടി തുടങ്ങി തളിപ്പറമ്പിലെ പഴയതലമുറയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് തളിപ്പറമ്പിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖമായി മാറിയ കല്ലിങ്കീല്‍ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റായ കാലഘട്ടത്തിലാണ് നിലവിലെ കോണ്‍ഗ്രസ് മന്ദിരം ആധുനികമായ രീതിയില്‍ പുതുക്കിപ്പണിതത്.
18 വര്‍ഷക്കാലം തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കെ.പി.സി.സി.അംഗം, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കല്ലിങ്കീലിന്റെ രാഷ്ട്രീയമായ വളര്‍ച്ചയില്‍ അസഹിഷ്ണുതയുള്ള പാര്‍ട്ടിയിലെ തന്നെ ഒരുവിഭാഗമാണ് ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തെ കൂടുതല്‍ വേട്ടയാടിയത്.
വിജിലന്‍സ് കേസ് മുതല്‍ ഇ.ഡി കേസ് വരെ കല്ലിങ്കീലിന് നേരെയുണ്ടായി.
തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനായിരിക്കെ രണ്ട് സ്ഥാനങ്ങള്‍ വഹിക്കുന്നു എന്ന പേരില്‍ പാര്‍ട്ടിയില്‍ നിന്ന് ദീര്‍ഘകാലം സസ്‌പെന്‍ഷനില്‍ നിര്‍ത്തി.
എന്നാല്‍ എത്രതന്നെ പ്രലോഭനങ്ങളുണ്ടായിട്ടും മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയിലേക്കും പോകാതെ താന്‍ കോണ്‍ഗ്രസുകാരനാണെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും ഇല്ലെന്നും ഉറച്ച ശബ്ദത്തോടെ പറഞ്ഞ കല്ലിങ്കീലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാതിരിക്കാനുള്ള എല്ലാ നീക്കത്തെയും അസാധാരണ സഹനത്തോടെ നേരിട്ടു.
സി.പി.എമ്മിന്റെ നയങ്ങള്‍ക്കെതിരെ നടത്തിയ സമരങ്ങളില്‍ പങ്കെടുത്ത് സെന്‍ട്രല്‍ ജയിലിലും സബ്ജയിലിലും റിമാന്‍ഡിലും കഴിയേണ്ടി വന്ന കല്ലിങ്കീലിനെ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും, അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
ഇപ്പോള്‍ തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ ക്രമക്കേട് നടന്നതായ കേസിലും കുറ്റവിമുക്തനാക്കപ്പെട്ടതോടെ അദ്ദേഹം അഗ്നിശുദ്ധിയോടെ കൂടുതല്‍ സജീവമാകുകയാണ്.
കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ കേസിന്റെ ചുരുക്ക വിവരണം.
തളിപ്പറമ്പ കോ: ഓപ്പറേറ്റിവ് സ്റ്റോറിന്റെ കെട്ടിടത്തിന്റെ തറ നിലം ഒഴിച്ചുള്ള ഭാഗം വില്‍പന നടത്തിയത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും അങ്ങിനെ സംഘത്തിന് നഷ്ടം പറ്റിയെന്നും വ്യാജ രേഖകള്‍ ചമച്ചു എന്നും ക്രിമിനല്‍ ഗൂഢാലോചന നടത്തി ധനാപഹരണം നടത്തി എന്നും ആരോപിച്ചു കൊണ്ട് തളിപ്പറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് വെറുതെവിട്ടത്. കോണ്‍ഗ്രസ് നേതാവായിരുന്ന പി.വി.നാരായണന്‍കുട്ടി മാരാര്‍ സഹകരണ വകുപ്പ് മന്ത്രിക്ക് 2011 ല്‍ കൊടുത്ത പരാതിയിന്മേലാണ് സഹകരണ വകുപ്പ് കേസ് എടുത്തത്. ഇതില്‍ വകുപ്പ് തല അന്വേഷണം നടത്തിയ കോ: ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ 1-ാം പ്രതിയായ കല്ലിങ്കില്‍ പത്മനാഭനോട് മുന്‍സിപ്പല്‍ ഇലക്ഷനില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ ഭാര്യയായിരുന്നു. കേസിന്റെ സ്ഥലം വില്‍പ്പന ചെയ്ത് 7 വര്‍ഷത്തിന് ശേഷമാണ് നാരായണ മാരാര്‍ പരാതി കൊടുത്തത്. തളിപ്പറമ്പിലെ ഒരു സായാഹ്ന പത്രത്തില്‍ പരസ്യം കൊടുത്ത് ക്വട്ടേഷന്‍ വിളിച്ച് കൂടിയ തുകക്ക് ക്വട്ടേഷന്‍ ബോധിപ്പിച്ച കെ.വി.അബ്ദുഹാജിക്കാണ് സൊസൈറ്റി വസ്തു വില്‍പ്പന ചെയ്തത്. ജോയിന്റ് രജിസ്ട്രാറുടെ അനുമതിയോടെയാണ് വില്‍പ്പന നടത്തിയത്. കൂടിയ ക്വട്ടേഷന്‍ 28 ലക്ഷത്തിന്റേതാണ്. എന്നാല്‍ 29 ലക്ഷത്തിനാണ് വില്‍പ്പന നടത്തിയത്. സൊസൈറ്റിക്ക് നഷ്ടം ഉണ്ടായിട്ടില്ല എന്നും ലാഭത്തിലാണ് വസ്തു വില്പന നടത്തിയത് എന്നും പ്രതികളായിരുന്ന അന്നത്തെ ഡയറക്ടര്‍മാരായ കല്ലങ്കില്‍ പത്മനാഭന്‍, കുന്നില്‍ ദാമോദരന്‍, പടിഞ്ഞാറെ വീട്ടില്‍ ദാമു, മാത്യു ജോസഫ് നെടുവാപറമ്പില്‍ എന്നിവര്‍ വാദിച്ചു. പ്രതികളായിരുന്ന ലക്ഷ്മി, നാരായണന്‍ എന്നിവര്‍ കേസിന്റെ വിചാരണ മദ്ധ്യേ മരണപ്പെട്ടിരുന്നു. തളിപ്പറമ്പ് തഹസില്‍ദാര്‍ വില്പന ചെയ്ത വസ്തുവിന്റെ വാല്യുവേഷന്‍ നടത്തി കേവലം 1,40,000/ രൂപ മാത്രമാണ് വസ്തുവിന് വിലയിട്ടത്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കളവായി എടുത്ത കേസാണ് എന്നായിരുന്നു പ്രതികളുടെ വാദം. വ്യാജരേഖ ചമച്ചതായോ, ധനാപഹരണം നടത്തിയതായോ, ക്രിമിനല്‍ ഗൂഢാലോചന നട ത്തിയതായോ, പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല എന്ന് കണ്ടാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. വി.എ.സതീഷ് ഹാജരായി. തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജെ.ശ്രീജയാണ് വിധി പ്രസ്താവിച്ചത്.