എം.ഡി.എം.എയുമായി യുവാവ് എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ്: എം.ഡി.എം.എയുമായി യുവാവ് എക്‌സൈസ് പിടിയില്‍.

പരിയാരം അയിഷാസ് വീട്ടില്‍ മജീദിന്റെ മകന്‍ കെ.ജുനൈദ് (23)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സതീഷും സംഘവും ഏമ്പേറ്റ് മുടിക്കാനം റോഡില്‍ മുടിക്കാനം സെന്റ് ആന്റണീസ് ചര്‍ച്ചിന് സമീപം നടത്തിയ വാഹന പരിശോധനയില്‍ പിടികൂടിയത്.

കെ.എല്‍- 59 പി 0604 നമ്പര്‍ സ്‌കൂട്ടറില്‍ 2.6 ഗ്രാം എം.ഡി.എം.എ കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തു.

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റിവ് ഓഫീസര്‍ വി.പി.ശ്രീകുമാര്‍, പി.പി.രജിരാഗ് എന്നിവര്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജുനൈദ് പിടിയിലായത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഓണ്‍ലൈന്‍വഴിയാണ് ഇയാള്‍ രാസലഹരി നിരവധി യുവതി യുവാക്കള്‍ക്ക് വില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് പറഞ്ഞു.

ചെറുപുഴ, ആലക്കോട്, പയ്യന്നൂര്‍, തളിപ്പറമ്പ്, പരിയാരം എന്നി സ്ഥലങ്ങളിലെ വിശ്വസ്തരായ ഏജന്റുമാര്‍ക്ക് എത്തിച്ച് കൊടുത്ത് ബാക്കി വില്‍പ്പനയ്ക്ക് വണ്ടിയുടെ ഉള്‍ഭാഗങ്ങളിലും മറ്റും ഒളിപ്പിച്ച് ഒട്ടിച്ച് വെച്ച് കടത്തി കൊണ്ട് വരികയാണ് രീതി.

മുടിക്കാനം മേഖലകളില്‍ നിരവധി യുവതി യുവാക്കള്‍ ഇതിന്റെ അടിമകളാണെന്നും മുടിക്കാനം മേഖല കേന്ദ്രീകരിച്ച് രക്ഷിതാക്കള്‍ ഇല്ലാത്ത വീടുകള്‍ കേന്ദ്രികരിച്ച് ലഹരി വില്‍പ്പനയും ഉപയോഗവുമുണ്ടെന്നും എക്‌സൈസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെ.കെ.രാജേന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഇബ്രാഹിം ഖലീല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.പി.അനു, സനേഷ്, സിവില്‍ എക്‌സൈസ് ഓഫീസര് ഗ്രേഡ് അനില്‍കുമാര്‍, കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റിവ് ഓഫീസര്‍മാര്‍ പി.വി.ശ്രീകുമാര്‍, പി.പി.രജിരാഗ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു..