ചീറിപ്പായും ബസുകള്‍-കെ.എസ്.ആര്‍.ടി.സി-ബൈപ്പാസ് റൈഡര്‍ വരുന്നു–

തിരുവനന്തപുരം: യാത്രക്കാരെ അതിവേഗം ലക്ഷ്യ സ്ഥാനത്ത് എത്തിക്കാന്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ക്ലാസ് ബൈപാസ് റൈഡര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു.

കോഴിക്കോട് തിരുവനന്തപുരം റൂട്ടില്‍ ബൈപാസ് പാതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഡീലക്‌സ്, സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ ഫെബ്രുവരി രണ്ടാംവാരത്തോടെ ആരംഭിക്കും.

നിലവിലെ സൂപ്പര്‍ക്ലാസ് സര്‍വീസ് ബൈപാസ് റൈഡര്‍ സര്‍വീസായി പുനഃക്രമീകരിക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തില്‍ ബൈപ്പാസുകള്‍ കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ കോഴിക്കോട് തിരുവനന്തപുരം റൂട്ടില്‍ യാത്രാസമയം രണ്ട് മണിക്കൂറിലധികം കുറയും.

ട്രെയിന്‍യാത്ര പോലെ സമയകൃത്യത പാലിച്ച് കോട്ടയം വഴിയും എറണാകുളം വഴിയും ഒരു മണിക്കൂര്‍ ഇടവിട്ടാകും ബൈപ്പാസ് റൈഡര്‍ സര്‍വീസ് നടത്തുക.

നിലവില്‍ തിരക്കേറിയ റോഡുകളിലും പ്രധാന പട്ടണങ്ങളിലും ദീര്‍ഘദൂര സര്‍വീസുകള്‍ക്കുണ്ടാകുന്ന സമയ, ഇന്ധനനഷ്ടം ബൈപ്പാസ് പാതകള്‍ ഉപയോഗിക്കുന്നതിലൂടെ പരമാവധി ഒഴിവാക്കാനാകും.

റൈഡര്‍ സര്‍വീസുകള്‍ക്കായി ബൈപാസുകളില്‍ മുഴുവന്‍ സമയ ഫീഡര്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കും.

തിരുവനന്തപുരത്ത് കഴക്കൂട്ടം, കൊല്ലത്ത് കൊട്ടാരക്കര, അയത്തില്‍, ആലപ്പുഴയില്‍ കൊമ്മാടി ജങ്ഷന്‍, ചേര്‍ത്തല ജങ്ഷന്‍, ആലുവയില്‍ മെട്രോ സ്‌റ്റേഷന്‍, ചാലക്കുടിയില്‍ പുതിയ കോടതി ജഗ്ഷന്‍, മലപ്പുറത്ത് ചങ്കുവെട്ടി എന്നിവിടങ്ങളിലാകും ഫീഡര്‍ സ്‌റ്റേഷനുകള്‍.

നഗരങ്ങളിലെ പ്രധാന ഡിപ്പോകളില്‍നിന്ന് ഫീഡര്‍സ്‌റ്റേഷനു കളിലേക്കും തിരികെയും യാത്രക്കാരെ എത്തിക്കാന്‍ ഫീഡര്‍ സര്‍വീസുകളുമുണ്ടാകും.

വിവിധ ഡിപ്പോകളില്‍നിന്ന് ഇത്തരത്തില്‍ 39 ബസ് ഫീഡര്‍ സര്‍വീസായി ഓടിക്കാനാണ് തീരുമാനം.

ബൈപാസ് റൈഡര്‍ സര്‍വീസില്‍ മുന്‍കൂട്ടി ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ഫീഡര്‍ ബസുകളില്‍ യാത്ര സൗജന്യമായിരിക്കും.

ബൈപാസ് റൈഡര്‍ യാത്രക്കാര്‍ക്കായി അവര്‍എത്തുന്ന ഡിപ്പോകളില്‍ വിശ്രമസൗകര്യം ഉറപ്പാക്കും.

ആശയവിനിമയ സംവിധാനം, ശുചിമുറി, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും.

കെഎസ്ആര്‍ടിസിയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക്: കണ്‍ട്രോള്‍റൂം (24×7) മൊബൈല്‍ –9447071021, ലാന്‍ഡ്‌ലൈന്‍-04712463799, ടോള്‍ ഫ്രീ-1800 599 4011 , സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി-24×7) വാട്‌സാപ്പ്-8129562972.