ദുരിതത്തിന്റെ കയ്പ്പുനീര്‍ക്കയത്തില്‍ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍-

പരിയാരം: ദുരിതത്തിന്റെ കയ്പ്പുനീര്‍ക്കയത്തില്‍ പെട്ട് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍.

മാസം പകുതിയായിട്ടും ജനുവരി മാസത്തെ ശമ്പളം കിട്ടാതെ വലയുകയാണ് രണ്ടായിരത്തോളം വരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍.

ഇവിടത്തെ ശമ്പളം കൊണ്ട് മാത്രം ജീവിക്കുന്ന നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്.

വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത ലോണുകളും എല്‍.ഐ.സി.ഉള്‍പ്പെടെ പ്രതിമാസം അടക്കേണ്ട തുകകളുമൊന്നും അടക്കാന്‍ സാധിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.

താഴെ തട്ടിലുള്ള ജീവനക്കാര്‍ക്ക് എങ്ങനെയാണ് ജീവിതം മുന്നോട്ട്‌കൊണ്ടുപോകേണ്ടതെന്നറിയാത്ത നിലയിലാണ്.

അതേ അവസരത്തില്‍ മെഡിക്കല്‍ കോളേജിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുകയും ചെയ്യുന്നുണ്ട്.

ഗവണ്‍മെന്റ് ഫണ്ട് അനുവദിക്കാത്തതിനാലാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവാത്തതെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചതായി എന്‍.ജി.ഒ. അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു.

ജനവരിമാസ ശമ്പളം ഇതുവരെയും ലഭിക്കാത്ത സാഹചര്യത്തിലാണ് അസോസിയേഷന്‍ പ്രതിനിധികള്‍ പ്രിന്‍സിപ്പാളിനെ കണ്ട് പരാതിപ്പെട്ടത്.

സര്‍ക്കാറിന്റെ കണക്കില്‍ ഈ മെഡിക്കല്‍ കോളേജ് മറ്റു മെഡിക്കല്‍ കോളേജുകളുടെ ഗണത്തില്‍ പെടാത്തതിനാലാണ് ഈ വിവചനമെന്ന് ജീവനക്കാര്‍ പറയുന്നു.

മറ്റുള്ളവര്‍ക്ക് കൊടുത്ത ശേഷം ബാക്കിയുണ്ടെങ്കില്‍ തരാമെന്ന നിലപാട് അംഗീകരിക്കാനാവില്ല.

ഡിസംബര്‍ മാസം മുതല്‍ തന്നെ ഫിബ്രവരി മാസത്തെ ശമ്പള കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെന്നും, ശരിയാക്കാം ശരിയാക്കാം എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുക മാത്രമാണ്

ചെയ്തതെന്നും, ശമ്പളം എപ്പോള്‍ തരാനാകും എന്ന് ഇപ്പോഴും പറയാന്‍ കഴിയാത്ത അവസ്ഥയാണെന്നും ജീവനക്കാരുടെ പ്രതിനിധികള്‍ പറയുന്നു.

ഇന്ന് മന്ത്രിയേയും ഉദ്യോഗസ്ഥമേധാവികളെയും കണ്ട് ജീവനക്കാരുടെ വിഷമസ്ഥിതി അറിയിക്കുമെന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്.

സര്‍ക്കാര്‍ ഏറ്റെടുത്ത നാള്‍ മുതല്‍ തുടങ്ങിയ ജീവനക്കാരുടെ ദുര്യോഗം രണ്ട് വര്‍ഷം പിന്നിട്ടിട്ടും തുടരുകയാണ്.

അന്ന് മുതലുള്ള ആനുകൂല്യം തടഞ്ഞുവെച്ചു എന്ന് മാത്രമല്ല ശമ്പളം മാസാമാസം സമയബന്ധിതമായി കിട്ടാതെയുമായിരിക്കുന്നു.

ജീവനക്കാരുടെ ജീവിതം നരകതുല്യമായിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും കോവിഡ് ഡ്യൂട്ടിചെയ്യുന്നവര്‍ക്ക് പോലും ശമ്പളം നല്‍കാതെ കഷ്ടപ്പെടുത്തുന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് ജീവനക്കാര്‍ പറയുന്നു.

കടം മേടിച്ചും പണയം വെച്ചും എത്ര കാലം മുന്നോട്ട് പോകുമെന്ന് അറിയാത്ത അവസ്ഥയിലാണ് തങ്ങളെന്നാണ് ജീവനക്കാരുടെ പരിദേവനം.

കുട്ടികള്‍ മുതല്‍ രക്ഷിതാക്കള്‍ വരെ ഭക്ഷണവും മരുന്നും മറ്റ് ഉപജീവന മാര്‍ഗ്ഗങ്ങളുമില്ലാതെയും ലോണും ചിട്ടിയും അടക്കാന്‍ കഴിയാതെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു.

എന്‍.ജി.ഒ അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് യൂണിറ്റ് പ്രസിഡന്റ് പി.ഐ.ശ്രീധരനും ജന.സെക്രട്ടറി യു.കെ.മനോഹരനും ശമ്പളം ലഭിക്കുന്നതിന് ജീവനക്കാര്‍ക്ക് വേണ്ടി മുട്ടാത്ത വാതിലുകളൊന്നും ബാക്കിയില്ലാത്ത അവസ്ഥയിലാണ്.