ഐസിയു സ്ഥാപിക്കാന്‍ 29.5 ലക്ഷം രൂപയുടെ ഭരണാനുമതി

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ ഏക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ മാങ്ങാട്ടുപറമ്പ ഇ കെ നായനാര്‍ സ്മാരക ഗവണ്‍മെന്റ് ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയു സ്ഥാപിക്കാന്‍ 29.5 ലക്ഷം രൂപയുടെ ഭരണാനുമതിയായി.

തദ്ദേശ സ്വയം ഭരണ എക്‌സ് സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ 202122 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.

ആഴ്ചയില്‍ ആറ് ദിവസവും പീഡിയാട്രിക് ഒപി സൗകര്യവും, പന്ത്രണ്ട് കിടക്കകളോടുകൂടിയ പീഡിയാട്രിക് വാര്‍ഡും, പന്ത്രണ്ട് നവജാത ശിശുക്കളെ കിടത്താവുന്ന എസ്എന്‍സിയു സൗകര്യവും നിലവിലുണ്ട്.

എന്നാല്‍ പീഡിയാട്രിക് ഐസിയു സൗകര്യം ലഭ്യമായിരുന്നില്ല. ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് നേരത്തെ എം വി ഗോവിന്ദന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ അവലോകനം യോഗം ചേര്‍ന്ന് ആശുപത്രി വികസനം സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു.

യോഗത്തില്‍ മാങ്ങാട്ടുപറമ്പ് മാതൃശിശു ആശുപത്രിയെ കേരളത്തിലെ തന്നെ മികച്ച സ്‌പെഷാലിറ്റി ആശുപത്രിയാക്കി മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

ആശുപത്രിയിലെ സി ബ്ലോക്കിലെ രണ്ടാം നിലയിലാണ് 4 ബെഡോടുകൂടിയ പീഡിയാട്രിക് ഐ സി യു സൗകര്യം ഒരുക്കുക. നിലവില്‍ അഞ്ച് പീഡിയാട്രീഷന്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാണ്.

ആശുപത്രിയില്‍ പുതിയ കാഷ്വാലിറ്റി ബ്ലോക്ക് കെട്ടിട നിര്‍മ്മാണം, അഗ്‌നി സുരക്ഷാ സംവിധാനം സ്ഥാപിക്കല്‍, പവര്‍ സ്‌റ്റേഷന്‍ നിര്‍മ്മാണം, പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കല്‍,

പുതിയ ജനറേറ്ററും, ജനറേറ്റര്‍ റൂം എന്നിവ സ്ഥാപിക്കല്‍, ഓഫീസ് നവീകരണം, തുടങ്ങി 7.62 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വിവിധ ഘട്ടങ്ങളില്‍ നടന്നു കൊണ്ടിരിക്കുകയാണ്.