വിവാഹാഭാസങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസിനേക്കാള്‍ കൂടുതല്‍ ഇടപെടാനാവുക ജനപ്രതിനിധികള്ക്കെന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ.രത്നകുമാര്‍-
തളിപ്പറമ്പ്: വിവാഹആഭാസങ്ങള്‍ തടയാന്‍ പോലീസിനേക്കാള്‍ കൂടുതല്‍ സാധിക്കുക ജനപ്രതിനിധികള്ക്കായിരിക്കുമെന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പി.ടി.കെ.രത്നകുമാര്‍.

ആന്തൂര്‍ നഗരസഭാ കൗണ്‍സില്‍ ഇത് സംബന്ധിച്ച് വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിവാഹത്തിന്റെ പേരില്‍ നടക്കുന്ന പല ആഭാസത്തരങ്ങളും പൊതുസമൂഹത്തിന് നിസഹായരായി നേക്കിനില്ക്കേണ്ട അവസ്ഥയാണുള്ളതെന്നും, ഓരോ വാര്‍ഡിലും ജനപ്രതിനിധികളുടെയും പൗരപ്രമുഖരുടെയും ഇടപെടലിലൂടെ
വിവാഹങ്ങളുടെ പേരില്‍ നടക്കുന്ന ഈ ദുഷ്പ്രവണതകള്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും ഡി.വൈ.എസ്.പി. പറഞ്ഞു. ഹിന്ദുവിഭാഗത്തില്‍പെട്ടവരുടെ വിവാഹത്തിലാണ് പലപ്പോഴും
അതിരുവിട്ട രീതിയിലുള്ള വിവാഹാഭാസങ്ങള്‍ നടക്കുന്നതെന്നും, മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങളില്‍ ഇക്കാര്യത്തില്‍ നിയന്ത്രണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമം മൂലമോ നിയമപാലകരുടെ ഇടപെടല്‍ കര്‍ശനമാക്കിയോ ഇതിന് ശാശ്വതപരിഹാരം കാണാനാവില്ല, ശക്തമായ ബോധവല്ക്കരണപരിപാടികളിലൂടെ മാത്രമേ വിവാഹാഭാസങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പുകവലിക്കെതിരെയും മദ്യത്തിനെതിരെയും നടത്തിയ ബോധവല്‍ക്കരണം ഫലം കണ്ടുവെങ്കിലും പകരം ആ സ്ഥാനത്ത് നിശബ്ദമായി പിടിമുറുക്കുന്ന മയക്കുമരുന്നുകള്‍ കടന്നുവന്നിരിക്കയാണ്.
മയക്കുമരുന്നുകളുടെ ഉപഭോഗമാണ് വിവാഹാഭാസങ്ങള്‍ പോലുള്ള പ്രവണതകള്ക്കിടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലാദ്യമായി ഒരു നഗരസഭയില്‍ 28 വാര്‍ഡുകളിലും വാര്‍ഡ്തല ജാഗ്രതാസമിതികള്‍ ആന്തൂര്‍ നഗരസഭയില്‍ ഇന്നലെ നിലവില്‍വന്നു.
വിവാഹനിശ്ചയം മുതല്‍ തന്നെ ഏത് രീതിയില്‍ വിവാഹം നടത്തണമെന്നമെന്ന കാര്യത്തില്‍ ജനപ്രതിനിധികള്‍ ഇടപെട്ട് ധാരണയുണ്ടാക്കുെമന്നും ഇതിനനുസൃതമായിരിക്കും വിവാഹങ്ങളുടെ നടത്തിപ്പുകളെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആന്തൂര്‍ നഗരസഭാ ചെയര്മാന് പി.മുകുന്ദന് പറഞ്ഞു.
വൈസ് ചെയര്പേഴ്സന് പി.സതീദേവി, കൗണ്‍സിലര്‍ കെ.പി.ഉണ്ണികൃഷ്ണന്, സി.ഡി.എസ്.ചെയര്പേഴ്സന് കെ.പി.ശ്യാമള, നഗരസഭാ സെക്രട്ടറി പി.എന്‍.അനീഷ് എന്നിവര്‍ പ്രസംഗിച്ചു.
