മലബാര്‍ വൈറൈറ്റിയുടെ മുറ്റത്തെ അല്‍ഭുത ജീരകം-
കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: സിമന്റ് തറയില്‍ നിന്ന് മുളച്ചുപൊന്തിയ അല്‍ഭുത ജീരകച്ചെടി ആളുകളെ ആകര്‍ഷിക്കുന്നു.
പരിയാരം മരിയപുരം പള്ളിക്ക് സമീപത്തെ മലബാര്‍ വൈറെറ്റി റസ്റ്റോറന്റിന്റെ മുറ്റത്താണ് ഈ അല്‍ഭുതച്ചെടി.
വടക്കേ ഇന്ത്യയില്‍ മാത്രം വിളയുന്ന ജീരകച്ചെടി ഇവിടെ വളര്‍ന്ന് വിളവുതരുന്നത് അത്യപൂര്‍വ്വമാണെന്ന് കൃഷി വിജ്ഞാനകേന്ദ്രം ഡയരക്ടര്‍ ഡോ.പി.ജയരാജ് പറയുന്നു.
രണ്ട് വര്‍ഷം വളര്‍ച്ചയെത്തിയ ഈ ചെടി കാര്യമായ പരിചരണമൊന്നും കൂടാതെ വളരുകയാണ്. ഇന്റര്‍ലോക്ക് ചെയ്ത
തറയില്‍ പെട്ടെന്ന് വളര്‍ന്നുവന്ന ഈ ചെടി ആദ്യം കഞ്ചാവുചെടിയാണെന്നാണ് കരുതിയതെങ്കിലും പിന്നീടാണ് ജീകരമാണെന്ന് തിരിച്ചറിഞ്ഞത്.
വളര്‍ന്നു പടര്‍ന്നു നില്‍ക്കുന്ന ചെടിയില്‍ നിന്നും ഇതിനകം അഞ്ച് കിലോഗ്രാമോളം ജീരകം ലഭിച്ചുകഴിഞ്ഞതായി റസ്‌റ്റോറന്റിലെ കെ.രവീന്ദ്രന്‍ പറയുന്നു.
ഇതിന്റെ വിത്തുകള്‍ മറ്റിടങ്ങളില്‍ കൊണ്ടുപോയി കൃഷി ചെയ്തുവെങ്കിലും കാര്യമായ രീതിയില്‍ വളര്‍ച്ച ലഭിച്ചിട്ടില്ലത്രേ.
ഇവിടെ വെള്ളംപോലും ലഭിക്കാത്ത ഇന്റര്‍ലോക്ക് തറയില്‍ നിന്നും വളര്‍ന്നുപൊങ്ങി നില്‍ക്കുന്ന ചെടിയിലെ ജീരകത്തിന് അസാധാരണമായ സുഗന്ധമാണ്.
ഇത് ഇട്ടുതിളപ്പിച്ച വെള്ളത്തിന്റെ രൂചി പറഞ്ഞറിയാക്കാനാവാത്തതാണെന്ന് റസ്റ്റോറന്റ് ജീവനക്കാര്‍ ഒരുപോലെ പറയുന്നു.
ഹോട്ടല്‍ സൊസൈറ്റി പ്രസിഡന്റ് കെ.ദാമോദരന്‍ മാസ്റ്ററുടെ നിര്‍ദ്ദേശപ്രകാരം ജീവനക്കാര്‍ ചെടിയെ പ്രത്യകമായി പരിചരിക്കുന്നുണ്ട്.
ഹോട്ടലില്‍ എത്തുന്നവര്‍ ചെടിയുടെ ഫോട്ടോ എടുത്തുകൊണ്ടുപോകുന്നതും ഇതിന്റെ വിത്തുകള്‍ക്ക് ആവശ്യപ്പെടുന്നതും പതിവാണെന്ന് ജീവനക്കാര്‍ പറയുന്നു.
റസ്റ്റോറന്റ് തുടങ്ങുന്നതിന് മുമ്പ് ഇവിടെ കാലിത്തീറ്റ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നു.
വടക്കേ ഇന്ത്യയില്‍ നിന്നും കാലിത്തീറ്റക്കാവശ്യമായ സാധനങ്ങള്‍ കൊണ്ടുവന്ന ലോറികളില്‍ നിന്നോ മറ്റോ വന്നുപെട്ട വിത്ത് അനുകൂല സാഹചര്യം ലഭിച്ചപ്പോള്‍ വളര്‍ന്നതാകാമെന്നാണ് നിഗമനം.
അംബെല്ലിഫെറേ സസ്യകുടുംബത്തില്‍ പെട്ട ജീരകം മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലാണ് കൃഷിചെയ്യുന്നത്.
ജീരകത്തിന്റെ ജന്മ ദേശം ഈജിപ്റ്റാണ് എന്ന് കരുതപ്പെടുന്നു. യൂറോപ്പ്, ആഫ്രിക്ക, ചൈന, പശ്ചിമേഷ്യ, സിസിലി എന്നിവിടങ്ങളില്‍ കൃഷി ചെയ്യപ്പെടുന്നു.
ഇതിന്റെ ഇലകള്‍ കനം കുറഞ്ഞതും, കൂര്‍ത്തതും നീല കലര്‍ന്ന പച്ച നിറമുള്ളതുമാണ്.
പൂക്കള്‍ക്ക് വെള്ളയോ ഇളം ചുവപ്പോ നിറമായിരിക്കും. ജീരക അരിക്ക് ചാര നിറം മുതല്‍ മഞ്ഞ നിറംവരെ കാണാം.
തറ നിരപ്പില്‍ നിന്ന് 30-35 സെ.മി. ഉയരത്തില്‍ ജീരകച്ചെടി വളരുന്നു.
ആയുര്‍വേദ ഔഷധങ്ങളായ പഞ്ചജീരകഗുഡം, ജീരകാരിഷ്ടം, ജീരകതൈലം എന്നിവയിലെ പ്രധാന ചേരുവയാണ് ജീരകം.
