കാടു പൂത്തേ—കടമ്പ് പൂത്തേ–കുപ്പം പുഴയുടെ തീരങ്ങളില്‍ കടമ്പ് പൂക്കളുടെ വസന്തം
കരിമ്പം.കെ.പി.രാജീവന്

തളിപ്പറമ്പ്: വേനല്‍ മഴ പെയ്തു ഭൂമി തണുത്തപ്പോള്‍ കടമ്പു വൃക്ഷങ്ങള്‍ക്ക് പൂക്കാലം! അതീവ ജൈവ വൈവിധ്യ സമ്പന്നമായ കുപ്പം പുഴയുടെ തീരങ്ങളില്‍ ഇപ്പോള്‍ കടമ്പു പൂക്കളുടെ വസന്ത കാലം!
ജലാശയങ്ങളുടെ തീരത്തു വളരുന്ന ഒരു നിത്യഹരിത സസ്യമാണ് കടമ്പ്.
റൂബിയേസിയ സസ്യകുടുംബത്തിലെ ഒരംഗമാണ്. നാലഞ്ചു വര്‍ഷം പ്രായമായാല്‍ കടമ്പുമരങ്ങള്‍ പൂവിടാന്‍ തുടങ്ങും.
മനോഹരമായ ഒരു പന്തിന്റെ ആകൃതിയുള്ളതിനാല്‍ ടെന്നീസ് മ്പോള്‍ ടീ എന്നും വിളിക്കുന്നു. പൂക്കള്‍ക്ക് ഓറഞ്ചുനിറമാണ്. നേരിയ സുഗന്ധമുണ്ടാവും.
കടമ്പിന് പുക്കളില്‍ തേന്‍ കുടിക്കാന്‍ ധാരാളം പൂമ്പാറ്റകളും തേനീച്ചകളും എത്തും. വെള്ളിലത്തോഴി എന്ന ചിത്രശലഭത്തിന്റെ ലാര്‍വാ ഭക്ഷണസസ്യങ്ങളിലൊന്നാണ് കടമ്പ്.
ഇതിന്റെ പൂവ്, പട്ട, കായ എന്നിവആയുര്വേദ മരുന്നായി ഉപയോഗിക്കാറുണ്ട്.
ചതയം നക്ഷത്രക്കാരുടെ ജന്മനക്ഷത വൃക്ഷമാണ്. ഈ മരം തീപ്പെട്ടി നിര്‍മ്മാണത്തിനാണ് ഉപയോഗിക്കുന്നത്.
കടമ്പിന്റെ പട്ട പൂവ്, കായ എന്നിവ ഔഷധയോഗ്യങ്ങളാണ്. മരത്തിന്റെ പട്ട ഉപയോഗിച്ചുള്ള കഷായം പനി കുറയ്ക്കാന്‍ നല്ലതാണ്.
കായുടെ നീര് പഞ്ചസാരചേര്‍ത്ത് കഴിക്കുന്നത് ഉദരരോഗത്തിന് ശമനമുണ്ടാക്കും. കടമ്പിന്‍പൂക്കള്‍ പൂജാകര്‍മ്മങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നു.
കടമ്പിന് പൂമൊട്ടുകള്‍ സ്ത്രീകള്‍ സീമന്ത (ഉച്ചിയില്‍)ത്തില്‍ ചൂടാറുണ്ട്. അത്തര്പോലുള്ള സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കാനും പൂക്കള്‍ ഉപയോഗിച്ചുവരുന്നു.
കടമ്പ് അടയാള വൃക്ഷമാക്കിയിരുന്ന ഗോത്രവര്‍ഗ്ഗക്കാരായിരുന്നു സംഘകാല കൃതികളില്‍ പരാമര്‍ശിക്കപ്പെടുന്ന കദംബര്‍. മഹാഭാരതം അനുസരിച്ച് ഇന്ദ്രപ്രസ്ഥത്തില്‍ വളര്‍ത്തിയിരുന്ന വൃക്ഷങ്ങളില്‍
ഒന്നായിരുന്നു കടമ്പ്. കൂടാതെ രാമായണത്തിലും ചിലപ്പതികാരത്തിലും കടമ്പിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
കടമ്പിന്പൂക്കളില്നിന്ന് ‘കാദംബരി’ എന്നുപേരുള്ള ഒരുതരം മദ്യം വാറ്റിയെടുത്തിരുന്നതായും പറയപ്പെടുന്നുണ്ട് എ.ഡി. 1200ല്‍ രചിക്കപ്പെട്ട ജയദേവ കവിയുടെ ഗീതഗോവിന്ദത്തിലും കടമ്പ് പരാമര്‍ശിക്കപ്പെടുന്നുണ്ട്.
തുളുബ്രാഹ്മണരുടെ ചരിത്രവുമായി ബന്ധപ്പെട്ട് കന്നടയിലെഴുതപ്പെട്ട ‘ഗ്രാമപദ്ധതി’ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ പരാമര്‍ശമുണ്ട്. പരശുരാമന് തുളുനാടും ഹൈഗയും സൃഷ്ടിച്ചതിനുശേഷം ശിവനും പാര്‍വ്വതിയും സഹ്യാദ്രിയിലേക്ക് വന്നു.
അവര്‍ക്ക് ഒരു കുട്ടി പിറന്നു. കടമ്പുമരച്ചുവട്ടില് വച്ച് പ്രസവിച്ചതിനാല്‍ കുട്ടിക്ക് കടമ്പന്‍ എന്നു പേരുവിളിച്ചു. പിന്നീട് സഹ്യാദ്രിയുടെ ഭരണച്ചുമതല കടമ്പനായിരുന്നു.
ബനവാസിയായിരുന്നു കടമ്പരാജാക്കന്മാരുടെ തലസ്ഥാനം. കര്‍ണാടകയിലെ ആദ്യത്തെ രാജവംശമായി കടമ്പരാ
ജവംശത്തെ കരുതുന്നു. ഇതിന്റെ സ്മരണയ്ക്കായി എല്ലാവര്‍ഷവും ബനവാസിയില്‍ (കാര്‍വാറില്‍ നിന്ന് 23 കി.മീ. അകലെ) ‘കടമ്പോത്സവം’ എന്ന പേരില്‍ രണ്ടു ദിവസത്തെ വസന്തോത്സവം നടത്തിവരുന്നുണ്ട്.
ഐതിഹ്യം : മധുരയിലെ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം ഒരുകാലത്ത് കടമ്പു വൃക്ഷങ്ങള്‍ ധാരാളമായി വളര്‍ന്നിരുന്ന ഇടമായിരുന്നു.
ഈ കാട്ടിലുള്ള സ്വയംഭൂലിംഗത്തെ ആരാധിക്കാന്‍ രാത്രികാലങ്ങളില്‍ ഇന്ദ്രന് വന്നിരുന്നുവെന്നും മധുരമീനാക്ഷി ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ പറയുന്നുണ്ട്.
സ്വയംഭൂലിംഗം ഉണ്ടായിരുന്നത് ഒരു പ്രത്യേക കടമ്പിന് ചുവട്ടിലായിരുന്നുവത്രെ. ഈ കടമ്പുവൃക്ഷം ക്ഷേത്രത്തിന്റെ പുണ്യവൃക്ഷമായി മാറി.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണങ്ങിപ്പോയ ഈ കടമ്പുവൃക്ഷത്തിന്റെ കട (ചുവട്) ഇപ്പോഴും ഒരു വെള്ളിത്താലംകൊണ്ട് പൊതിഞ്ഞു സംരക്ഷിച്ചിരിക്കുകയാണ്.
കാദംബകുസുമപ്രിയാ, കദംബവനവാസിനീ എന്ന് കടമ്പുമായി പലയിടത്തും ബന്ധിപ്പിച്ചാണ് ലളിതാസഹസ്രനാമത്തിലും ദേവീമാഹാത്മ്യത്തിലും മറ്റു സ്തുതികളിലും ദേവീസങ്കല്പത്തെ വിശേഷിപ്പിക്കുന്നത്.
ഇത്രമേല്‍ സുന്ദരവും സുഗന്ധപൂരിതവും പ്രണയാര്ദ്രവുമായൊരു മരത്തെ ഏതു സ്ത്രീമനസ്സാണ് ഇഷ്ടപ്പെടാതിരിക്കുക.
കുപ്പം പുഴയുടെ തീരത്ത് പൂവിട്ടുനില്‍ക്കുന്ന കടമ്പ് മരം-കടമ്പ് പൂവ്(പ്രമുഖ പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ എ.വി.പ്രകാശന്, നടുവില്‍ പകര്‍ത്തിയത്)
