തളിപ്പറമ്പിലെ ബാര്‍ ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ജോയി കോടതിയില്‍ കീഴടങ്ങി

തളിപ്പറമ്പ്: ബാര്‍ ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി.

ഏഴാംമൈല്‍ ചെമ്പരത്തി ബാറില്‍ അക്രമം നടത്തി ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി തൃശൂര്‍ തിരൂര്‍ സ്വദേശി പി.ജെ.ജോയ് (27)യാണ് തളിപ്പറമ്പ് കോടതിയില്‍ ഇന്നലെ കീഴടങ്ങിയത്.

മറ്റൊരു പ്രതിയായ തൃശ്ശൂര്‍ ജില്ലയിലെ തിരൂര്‍ വടക്കുറുമ്പ് ക്ഷേത്രത്തിനു സമീപത്തെ പ്ലാക്കന്‍ ഹൗസില്‍ സിബി സൈമണെ(30) രണ്ട് ദിവസം മുമ്പ് തൃശ്ശൂരില്‍ വച്ച് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ നവംബര്‍ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഉച്ചക്ക് രണ്ടു മണിയോടെ ഒരു സുഹൃത്തിനൊപ്പം ചെമ്പരത്തി ബാറിലെത്തിയ പി.ജെ.ജോയിയും സിബി സൈമണും ജീവനക്കാരുമായി തര്‍ക്കത്തിലായി.

വാക്കു തര്‍ക്കം മൂര്‍ച്ഛിച്ചതിനിടയില്‍ ജീവനക്കാരന്‍ മനോജിന്റെ മുഖത്ത് പ്രതികള്‍ കല്ലുകൊണ്ട് ഇരിക്കുകയായിരുന്നു.

മാരകമായി പരിക്കേറ്റ് എല്ല് തകര്‍ന്ന മനോജ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തിനുശേഷം മുങ്ങിയ ജോയിയേയും സിബി സൈമണെയും തേടി പോലീസ് അനേഷണം നടത്തുകയും സിബി സൈമണെ പോലീസ് പിടികൂടുകയും ചെയ്തതോടെ ഒന്നാം പ്രതി ജോയി കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

ജോയിയെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.