തളിപ്പറമ്പിന്റെ ആധ്യാത്മിക ആചാര്യന്‍ എം.ജി.വിനോദിന് ഡോക്ടറേറ്റ്-
തളിപ്പറമ്പ്: തളിപ്പറമ്പിന്റെ അദ്ധ്യാത്മികാചാര്യന്‍ എം.ജി.വിനോദിന് ഡോക്ടറേറ്റ്.
ശബരിമലയുടെ ആചാര അനുഷ്ഠാനങ്ങളും ചരിത്രവും ഐതിഹ്യങ്ങളും അടങ്ങിയ ശബരിമല സര്‍വ്വസ്വം എന്ന ഗ്രന്ഥം രചിക്കുകയും. ആ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ വേദ സാരാംശങ്ങളോടെ സാധാരണക്കാരിലേക്ക് അയ്യപ്പ മാഹാത്മ്യം എത്തിക്കുന്നതിനായി അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന അയ്യപ്പ മഹാസത്രം ചിട്ടയോടെ തയ്യാറാക്കി കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തതിനാണ് ആചാര്യന്‍ എം.ജി.വിനോദിന് യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.
തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശിയായ ആചാര്യന്‍ എം.ജി. വിനോദ് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ആദ്ധ്യാത്മിക മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
ശബരിമല സര്‍വ്വസ്വം എന്ന പുസ്തകത്തിന് പുറമെ തളിപ്പറമ്പിന്റെ ചരിത്രമായ പെരുഞ്ചെല്ലൂര്‍ പെരുമ, 226 ശരണംവിളികളും ശബരിമല വിശേഷങ്ങളും, സന്ധ്യാനാമവും ഭജനകളും എന്നീ പുസ്തകങ്ങളുടെയും രചയിതാവാണ്.
സനാതനധര്‍മ്മവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും ദേവിദേവന്മാരെ കുറിച്ചും പുണ്യഗ്രന്ഥങ്ങളെ കുറിച്ചുമുള്ള അറിവുകള്‍ സാധാരണക്കാരായ സജ്ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തോളമായി മുഴുവന്‍ സമയം പ്രവര്‍ത്തിച്ചുവരികയാണ്.
അതോടൊപ്പം ആദ്ധ്യാത്മിക പ്രഭാഷണം, സത്സംഗങ്ങള്‍, രാമായണ മഹാസത്രം, എന്നിവയും നടത്തിവരുന്നു.
സജ്ജനങ്ങളായ ആളുകളില്‍ ഉണ്ടാകുന്ന കുടുംബപരവും മാനസികവുമായ പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്നവര്‍ക്ക് ആശ്വാസമേകാന്‍ സൗജന്യമായ കൗണ്‍സിലിംഗ് സെന്ററും ഇതോടൊപ്പം നടത്തിവരുന്നു.
എം.ജി വിനോദിന്റെ ശ്രദ്ധേയമായ വേദാന്തവും അയ്യപ്പ മഹാസ്ത്രവും മറ്റ് സംഭാവനകളും സമൂഹത്തിലെ മാതൃകാപരമായ നേതൃത്വത്തിനും അദ്ദേഹത്തിന്റെ അസാധാരണമായ കഴിവുകളും പരിഗണിച്ചാണ് യൂറോപ്യന്‍ പ്രൊഫഷണല്‍സ് യൂണിവേഴ്‌സിറ്റി അദ്ദേഹത്തെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരിക്കുന്നത്.