ഊതീട്ട് പോയാല്‍മതി-ബസ് ജീവനക്കാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കി.

തളിപ്പറമ്പ്: വാഹനാപകടങ്ങളും മല്‍സരയോട്ടവും തടയാനായി തളിപ്പറമ്പ് ട്രാഫിക്‌പോലീസ് നടപടികള്‍ ശക്തമാക്കി.

ബസ്റ്റാന്റില്‍ രാവിലെയും വൈകുന്നേരവും അല്‍ക്കോ മീറ്റര്‍ ഉപയോഗിച്ച് ഡ്രൈവര്‍മാരെ പരിശോധിക്കുകയും വിവിധ സ്ഥലങ്ങളില്‍ ഓവര്‍സ്പീഡ് തടയാന്‍ പ്രത്യേക പരിശോധനയും ആരംഭിച്ചു.

ട്രാഫിക് എസ്.ഐ എം.രഘുനാഥിന്റെ നേതൃത്വത്തിലാണ് രാവിലെ മുതല്‍ ബസ്റ്റാന്റില്‍ പരിശോധന തുടങ്ങിയത്.

ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നതായി നിരവധി പരാതികള്‍ പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി തുടങ്ങിയത്.

അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ട്രാഫിക് എസ്.ഐ പറഞ്ഞു.

വാഹനഗതാഗത തടസം ഒഴിവാക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിന് മുന്നില്‍ ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.

പോലീസ് കോളേജ് അധികൃതരുമായി സംസാരിച്ച് കുട്ടികളുടെ വാഹനപാര്‍ക്കിങ്ങിന് പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലും പോലീസ് ഇവിടെ പരിശോധന തുടരുമെന്നും ട്രാഫിക് എസ്.ഐ രഘുനാഥ് അറിയിച്ചു.