ഒരുലക്ഷം കറ്റാര്‍വാഴകള്‍ ഔഷധിയുടെ തോട്ടത്തില്‍ വളരും
പരിയാരം: സൗന്ദര്യവര്‍ദ്ധന ഉല്‍പ്പന്നങ്ങള്‍ക്കുള്ള അടിസ്ഥാന ഔഷധമായ കറ്റാര്‍വാഴയും ഇനി പരിയാരത്തെ മണ്ണില്‍
നിന്ന്.
ഔഷധിയുടെ പരിയാരത്തെ തോട്ടത്തില്‍ വളരുന്നത് ഇരുപതിനായിരത്തിലധികം കറ്റാര്‍വാഴകള്‍.
കഴിഞ്ഞവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കൃഷി വലിയ വിജയമായതോടെയാണ് ഈ വര്‍ഷം കൂടുതല്‍സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചത്.
ഇപ്പോള്‍ കറ്റാര്‍വാഴ ഔഷധി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.
ത്വക് രോഗങ്ങള്‍ക്കും സൗന്ദര്യവര്‍ദ്ധനവിനും വേണ്ടി നിര്‍മ്മിക്കുന്ന ഔഷധിയുടെ മരുന്നുകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം കിലോ കറ്റാര്‍വാഴകളാണ് ഔഷധിക്ക് ആവശ്യമായിവരുന്നത്.
ഇത് മുഴുവന്‍ പരിയാരത്ത് ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. പരിയാരത്തെ തോട്ടത്തില്‍ അനുഭവപ്പെടുന്ന കഠിനമായ വെയിലാണ് ഇതിന് തടസം നില്‍ക്കുന്നത്.
ഇതിന് പരിഹാരമായി പ്രത്യേക പന്തല്‍വിരിച്ച് ചൂടിന്റെ തീവ്രത കുറച്ചാണ് കൊടും ചൂടിലും പച്ച മേലാപ്പിനു താഴെ സമൃദ്ധമായി കറ്റാര്‍വാഴകള്‍ വളരുന്നത്.
മുടികൊഴിച്ചിലിനും, ത്വക് രോഗങ്ങള്‍ക്കും ഉള്‍പ്പെടെയുള്ള മരുന്നുകളാണ് ഇതുപയോഗിച്ച് നിര്‍മ്മിക്കുന്നത്.
തരിശായി കിടന്ന ഭൂമിയില്‍ പ്രത്യേക സര്‍ക്കാര്‍ പദ്ധതി പ്രകാരമാണ് ഊര്‍ജിത കൃഷി ആരംഭിച്ചത്. ജലാംശം താരതമ്യേന കുറച്ചു മാത്രമേ വേണ്ടതുള്ളുവെങ്കിലും വേനല്‍ കൂടുതല്‍ കടുക്കുന്നതോടെ ചൂട് പ്രതിരോധിക്കുന്നതിനായിട്ടാണ് നേരത്തെ തന്നെ പന്തല്‍ നിര്‍മ്മിച്ചത്.
കറ്റാര്‍വാഴയുടെ ഇല(പോള), അകത്തെ കൊഴുപ്പ് എന്നിവ ഉപയോഗിച്ചാണ് ഔഷധിയുടെ പ്രധാന മരുന്നുകളായ കുമാര്യാസവം, രജപ്രവര്‍ത്തിനി വടി എന്നീ മരുന്നുകള്‍ ഉണ്ടാക്കുന്നത്.
പോളകളുടെ കട്ടിയുള്ള ചാര്‍ ഉണക്കിയെടുത്ത് ചെന്നിനായകവും ഉണ്ടാക്കുന്നുണ്ട്.
പരിയാരത്തെ ഫലഭൂയിഷ്ടമായ കറുത്തമണ്ണ് കറ്റാര്‍വാഴകള്‍ തഴച്ചുവളരാന്‍ സഹായിക്കുന്നതിനാല്‍ ഇവിടെ തുടര്‍ച്ചയായി എല്ലാവര്‍ഷവും കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുമെന്ന് ഔഷധി അധി: കൃതര്‍ പറഞ്ഞു.
