ആരോപണം തെറ്റാണെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കണം: വെല്ലുവിളിച്ച് എ.പി.ഗംഗാധരന്‍
തളിപ്പറമ്പ്: ടി ടി കെ ദേവസ്വത്തില്‍ നിരവധി ക്രമക്കേടുകള്‍ നടത്തി സ്വയരക്ഷക്കായി ഭരണകക്ഷി യൂണിയനായ സി ഐ ടി യുവില്‍ ചേര്‍ന്ന മുല്ലപ്പള്ളി നാരായണനെ സംരക്ഷിക്കാനുള്ള സി ഐ ടി യു നീക്കം അങ്ങേയറ്റം പരിഹാസ്യമാണെന്ന് ബി ജെ പി സംസ്ഥാന കമ്മറ്റി അംഗം എ.പി. ഗംഗാധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാന മേലധികാരികളുടെ വ്യാജഒപ്പുകളിട്ട് വ്യാജരേഖ ചമച്ച് മുല്ലപ്പള്ളി നാരായണന്‍ സ്വന്തം സര്‍വ്വീസ് ബുക്ക് ഉണ്ടാക്കിവെച്ചു എന്നുള്ള ആരോപണം തെറ്റാണെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ സി ഐ ടി യു യൂണിയന്‍ തയ്യാറാകണമെന്നും ഗംഗാധരന്‍ ആവശ്യപ്പെട്ടു.
വെറും എസ് എസ് എല്‍ സി വിദ്യാഭ്യാസം മാത്രമുള്ള നാരായണന്‍ ടി.ടി.കെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറായി സ്ഥിരനിയമനം തരപ്പെടുത്താന്‍ ഇടക്കാലത്ത് താല്‍ക്കാലികമായി എക്‌സിക്യുട്ടീവ് ഓഫീസറുടെ ചുമതല ലഭിച്ചപ്പോള്‍, തന്റെ യഥാര്‍ത്ഥ സര്‍വ്വീസ് ബുക്കില്‍ സര്‍വ്വകലാശാല ബിരുദം യോഗ്യതായി വ്യാജമായി എഴുതിച്ചേര്‍ക്കുകയും, വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് പിടിക്കപ്പെടുമെന്നായപ്പോള്‍ തന്റെ യഥാര്‍ത്ഥ സര്‍വ്വീസ് ബുക്ക് കൈക്കലാക്കി നശിപ്പിക്കുകയും സ്ഥാപന മേലധികാരികളായിരുന്നവരുടെയെല്ലാം കള്ളഒപ്പിട്ട് പുതിയ സര്‍വ്വീസ് ബുക്ക് എന്ന വ്യാജരേഖ ചമയ്ക്കുകയുമാണ് ഉണ്ടായിട്ടുള്ളത്.
ഇക്കാര്യം ശമ്പളഫിക്‌സേഷന്‍ നടപടിക്കെത്തിയ ഉദ്യോഗസ്ഥനും ശമ്പള ഫിക്‌സേഷന്‍ സംശയങ്ങള്‍ ദുരീകരിക്കുന്നതിന് തല്‍സമയം ഓഫീസില്‍ ഉണ്ടായിരുന്ന വിവിധ സംഘടനാ പ്രതിനിധികള്‍ക്കും ബോധ്യപ്പെട്ട കാര്യമാണ് എന്നിരിക്കെ മുല്ലപ്പള്ളി നാരായണന്റെ തട്ടിപ്പിന് നിര്‍ലജ്ജം കൂട്ട് നില്‍ക്കാനുള്ള സി ഐ ടി യു യൂണിയന്‍ നിലപാട് ആത്മഹത്യാപരമാണെന്നും ഗംഗാധരന്‍ പറഞ്ഞു.