വിഷഭൂമിയില്‍ മയങ്ങിയ അസ്തി-കണ്‍മണി ബാബുവിന്റെ അവസാന സിനിമ.

      ചെമ്മീന്‍ എന്ന നിത്യഹരിത സിനിമക്ക് ശേഷം കണ്‍മണി ഫിലിംസിന്റെ ബാനറില്‍ ബാബു സേട്ട് നിര്‍മ്മിച്ച അവസാനത്തെ സിനിമയാണ് അസ്തി.

തോമസ് തോമസിന്റെ ടാഗോര്‍ അവാര്‍ഡ് നേടിയ വിഷഭൂമിയില്‍ മയങ്ങുന്നവര്‍ എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത് എഡിറ്റര്‍ രവിയാണ്.

ആയിരക്കണക്കിനാളുകള്‍ ജോലിചെയ്യുന്ന ഒരു ഫാക്ടറിയുടെ പശ്ചാത്തലത്തില്‍ തൊഴിലാളി-മുതലാളി സംഘര്‍ഷത്തോടൊപ്പം പരിസ്ഥിതി പ്രശ്‌നങ്ങളും കൈകാര്യം ചെയ്ത മികച്ച സിനിമയായിരുന്നു അസ്തി.

സുഹൃത്തുക്കളായ രാജനും (റോണി വിന്‍സന്റ് ) മോഹനും (ഗോപി) മാലിന്യങ്ങള്‍ പരത്തുന്ന ഒരു കമ്പനിയിലെ തൊഴിലാളികളായിരുന്നു. മുതലാളിത്തത്തിന്റെയും ചൂഷണത്തിന്റെയും മറവില്‍ നടക്കുന്ന അനീതികള്‍ ക്കെതിരെ ശബ്ദമുയര്‍ത്താന്‍ രാജന് പ്രത്യേക പ്രചോദനങ്ങള്‍ ഒന്നും തന്നെ ആവശ്യമുണ്ടായിരുന്നില്ല.

മോഹന്റെ നിര്‍ബന്ധത്തിനു വഴങ്ങി എം ബി എ പഠിച്ച് ബിസിനസ്സില്‍ പ്രഗല്‍ഭനായപ്പോള്‍ അതെ കമ്പനിയില്‍ മാനേജരായി രാജന് ജോലി ലഭിച്ചു.

രാജന് തുടര്‍ന്നുണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. 

സ്വന്തം അസ്തിത്വം തേടിയുള്ള രാജന്റെ യാത്രയില്‍ ഭാര്യ പ്രിയവദയും (അംബിക) മോഹനും എങ്ങിനെ പ്രതികരിക്കുന്നു എന്നതാണ് തോമസ് തോമസ് എഴുതിയ വിഷഭൂമികളില്‍ മയങ്ങുന്നവരില്‍ കൂടി രവി നമുക്ക് കാണിച്ചു തരുന്നത്.

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ കൊടികുത്തി വാണിരുന്ന 80 കളിലെ ഭാരതത്തില്‍ ഈ ചിത്രത്തിനു നല്ല പ്രസക്തിയുണ്ടായിരുന്നു.

ഒരു ചരിത്രപരമായ പഠനം എന്നതിലുപരി അത് ഭാവിയില്‍ കണ്ടിരിക്കാന്‍ പ്രയാസമാണ്.

ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമായിട്ടുകൂടി സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. വലിയ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സിനിമ സാമ്പത്തികമായി വലിയ പരാജയം നേരിട്ടു.

ശ്രീനിവാസന്‍, തിലകന്‍, റോണി വിന്‍സെന്റ്, കെ.പി.എ.സി അസീസ്, കൃഷ്ണന്‍കുട്ടിനായര്‍, വിജയ് മേനോന്‍, രാജ്കുമാര്‍, പി.കെ.വേണുക്കുട്ടന്‍ നായര്‍, സുഭാഷിണി, രാഗിണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.

പൂവ്വച്ചല്‍ ഖാദര്‍ എഴുതിയ രണ്ട് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ദേവരാജന്‍.

സംവിധായകന്‍ രവി തന്നെയാണ് തിരക്കതയും സംഭാഷണവും എഴുതി എഡിറ്റിങ്ങും നിര്‍വ്വഹിച്ചത്. ക്യാമറ-വിപിന്‍ദാസ്.