വെള്ളോറയിലെ എ.ടി.എം കവര്‍ച്ചാശ്രമം: അന്വേഷണം ഊര്‍ജ്ജിതം. കവര്‍ച്ച തടഞ്ഞത് ചെറുപുഴ പോലീസിന്റെ ഇടപെടല്‍.

പെരിങ്ങോം: വെള്ളോറയിലെ സൗത്ത്ഇന്ത്യന്‍ ബാങ്ക് എ.ടി.എം കവര്‍ച്ച തടഞ്ഞത് ചെറുപുഴ പോലീസിന്റെ നിര്‍ണായക ഇടപെടല്‍.

മെയ്-23 ന് പുലര്‍ച്ചെ 1.15 നാണ് എ.ടി.എം കവര്‍ച്ചാശ്രമം നടന്നത്.

1.40 നാണ് ഇതേ സംബന്ധിച്ച് ഡെല്‍ഹിയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ചെറുപഴ എസ്.ഐ മനോജിന് വിവരം ലഭിച്ചത്.

ഈ സമയം പ്രാപ്പൊയിലില്‍ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന അദ്ദേഹം അങ്ങോട്ടേക്ക് തിരിച്ചു.

അതിന് മുമ്പേ തന്നെ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ വെള്ളോറയിലെ നാരായണനെ സ്‌പെഷ്യല്‍ബ്രാഞ്ച് പോലീസ് മുഖേന ബന്ധപ്പെട്ട് അങ്ങോട്ടേക്ക് അയക്കുകയും ചെയ്തു.

ദൂരെ നിന്ന് ടോര്‍ച്ച് തെളിക്കാന്‍ മാത്രമായിരുന്നു നിര്‍ദ്ദേശം. നാരായണനും ഭാര്യയും പുലര്‍ച്ചെ തന്നെ വീടിന് സമീപത്തെ എ,ടി.എമ്മിന് സമീപത്തെത്തി ടോര്‍ച്ച് തെളിച്ചതോടെയാണ് മോഷണം ഉപേക്ഷിച്ച് കള്ളന്‍ ഓടിരക്ഷപ്പെട്ടത്.

പോലീസ് എത്തുന്നതിന് മുമ്പായി മോഷണം നടത്തി രക്ഷപ്പെടാനുള്ള കള്ളന്റെ നീക്കം തകര്‍ക്കാന്‍ ഇതോടെ പോലീസിന് സാധിച്ചു.

ചെറുപുഴ പോലീസും പെരിങ്ങോം പോലീസും അധികം വൈകാതെ സ്ഥലത്തെത്തുകയും ചെയ്തു.

സൗത്ത് ഇന്ത്യന്‍ ബേങ്കിന്റെ ഉന്നതര്‍ എസ്.ഐ മനോജിനെ ബന്ധപ്പെട്ട് നന്ദി അറിയിച്ചിട്ടുണ്ട്.

സംഭവം പെരിങ്ങോം പോലീസ് പരിധിയിലായതിനാല്‍ സൗത്ത് ഇന്ത്യന്‍ ബേങ്ക് മാനേജര്‍ ജിസ് തോമസിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.