തളിപ്പറമ്പ്: ബ്ലഡ് കാന്‍സര്‍ രോഗിയായ ഭാര്യയെ മുത്തലാഖ് ചൊല്ലിയതിനും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനും ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
തളിപ്പറമ്പ് പുഷ്പഗിരി കൃസ്ത്യന്‍ പള്ളിക്ക് സമീപത്തെ സുബൈദ മന്‍സിലില്‍ കെ.ഖദീജയുടെ(32)പരാതിയിലാണ് കേസ്.
ഭര്‍ത്താവ് മാടായി പുതിയങ്ങാടിയിലെ സമീര്‍ കുട്ടിഹസന്‍, ഉപ്പ ഇബ്രാഹിം, ഉമ്മ ഷെരീഫ, സഹോദരിമാരായ സഫീറ, ഇര്‍ഫാന എന്നിവരുടെ പേരിലാണ് കേസ്.
2018 ഡിസംബര്‍ രണ്ടിനാണ് ഇരുവരും മതാചാരപ്രകാരം വിവാഹം ചെയ്തത്.
പുഷ്പഗിരിയിലെ വീട്ടിലും പുതിയങ്ങാടിയിലെ ഭര്‍ത്താവിന്റെ വീട്ടിലുമായി ജീവിക്കവെ ഖദീജയേക്കാള്‍ നല്ല പെണ്‍കുട്ടികളെ സമീറിന് കിട്ടുമായിരുന്നു എന്നു പറഞ്ഞ് മാനസികമായി
പീഡിപ്പിക്കുകയും ബ്ലഡ് കാന്‍സര്‍ രോഗിയായ ഖദീജക്ക് മാനസിക പിന്തുണ നല്‍കാതെ കുറ്റപ്പെടുത്തുകയും മുത്തലാഖ് ചൊല്ലുകയും ചെയ്തുവെന്നാണ് പരാതി.