തളിപ്പറമ്പില്‍ എം.എല്‍.എ ഫണ്ട് വിനിയോഗം അഴിമതി ലക്ഷ്യമിട്ട്-എ.പി.ഗംഗാധരന്‍

തളിപ്പറമ്പ്: നിത്യേന ആയിരക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിനായി എത്തിച്ചേരുന്ന ശ്രീരാജരാജേശ്വര ക്ഷേത്രം റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്ന് മാസങ്ങളായിട്ടും കണ്ടില്ലെന്ന്

നടിക്കുന്നവര്‍ എം എല്‍ എയുടെ വികസനഫണ്ട് മറയാക്കി തളിപ്പറമ്പില്‍ പഴയ ബസ് വെയിറ്റിംഗ് ഷെഡ്ഡ് പൊളിച്ചുമാറ്റി ജനങ്ങളെ പെരുവഴിയിലാക്കി നിര്‍മ്മാണ പ്രവര്‍ത്തിയില്‍ തികഞ്ഞ അലംഭാവം കാട്ടുകയാണെന്ന് ബി ജെ പി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ ജന. സെക്രട്ടറി എ.പി.ഗംഗാധരന്‍ ആരോപിച്ചു.

പൊതുമരാമത്ത് വകുപ്പ് ഉന്നതരും സി പി എം ഭരണനേതൃത്വവും അവിശുദ്ധ കൂട്ടുകെട്ടിലൂടെ അഴിമതി ലക്ഷ്യമിട്ടാണ് എം എല്‍ എ ഫണ്ടിന്റെ വിനിയോഗം നടത്തുന്നതെന്നും, രാജരാജേശ്വര ക്ഷേത്രം റോഡ് നവീകരണം വൈകുന്നതിന് കാരണം റോഡ് കരാറുകാരനും സി പി എം നേതാക്കളും തമ്മിലുള്ള സാമ്പത്തിക വിലപേശലില്‍ ധാരണയില്‍ എത്താത്തത് കൊണ്ടാണെന്നും എ.പി.ഗംഗാധരന്‍ ആരോപിച്ചു.

ഭരണക്കാരുടെ സാമ്പത്തിക താത്പര്യങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ ദുരതത്തിലാക്കുന്ന സമീപനത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും രാജരാജേശ്വര റോഡ് നിര്‍മ്മാണവും, പൊളിച്ചുമാറ്റിയ തളിപ്പറമ്പ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പുനഃസ്ഥാപനവും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എ.പി.ഗംഗാധരന്‍ ആവശ്യപ്പെട്ടു.