ജോണ്‍ കുടുങ്ങി-5000 പോയി-നാണക്കേട് ബാക്കി-

തളിപ്പറമ്പ്: പൊതുസ്ഥലത്തും റോഡരികിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി തുടരുകയാണ് ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തധികൃതര്‍.

പഞ്ചായത്തു പരിധിയിലെ അതിരുകുന്ന് വിമലശേരി റോഡരികില്‍ ഗാര്‍ഹിക മാലിന്യം തള്ളിയ വ്യക്തിക്കെതിരെ 5000 രുപ പിഴ ചുമത്തി.

ഇന്നലെ രാവിലെ റോഡരികില്‍ മാലിന്യം തള്ളിയത് കണ്ടതിനെ തുടര്‍ന്ന് പരിസരവാസി ഇക്കാര്യം സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണായ എം. മൈമുനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

തുടര്‍ന്ന് പഞ്ചായത്തധികൃതര്‍ മാലിന്യത്തില്‍ നിന്നും ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തില്‍ വിമലശ്ശേരി സ്വദേശി ജോണ്‍ എന്നയാളെ കണ്ടെത്തുകയും മാലിന്യം തിരിച്ചെടുക്കുന്നതിനും പിഴ ഒടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കുകയുമാണുണ്ടായത്.

ഇക്കഴിഞ്ഞ ഒരു മാസത്തിനിടെ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച നാലാമത്തെ സംഭവത്തിലാണ് പിഴ ഈടാക്കുന്നതെന്ന് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണനും സെക്രട്ടറി എ.വി.പ്രകാശനും അറിയിച്ചു.