ചെക്ക്‌കേസ്- കേരളാ ബാങ്ക് ജോ.ഡയരക്ടറായ ചുഴലി സ്വദേശിയെ തളിപ്പറമ്പ് കോടതി ശിക്ഷിച്ചു.

തളിപ്പറമ്പ്: പണം കടം വാങ്ങിയതിന് പകരം നല്‍കിയ ചെക്ക് പണമില്ലാതെ മടങ്ങിയ സംഭവത്തില്‍ ചെക്ക് നല്‍കിയ കേരളാ ബാങ്ക് ജോ.ഡയരക്ടറും കണ്‍കറന്റ് ഓഡിറ്ററുമായ ചുഴലി സ്വദേശിയെ കോടതി ശിക്ഷിച്ചു.

കോഴിക്കോട് കേരളാ ബാങ്കില്‍ ജോലി ചെയ്യുന്ന കോയാടന്‍ കോറോത്ത് കെ.കെ.സത്യപാലനെയാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എം.വി.അനുരാജ് ശിക്ഷിച്ചത്.

സഹകരണ വകുപ്പിലെ റിട്ട. ജീവനക്കാരി തൃച്ചംബരത്തെ എ.ചന്ദ്രമതിയുടെ പരാതിയിലാണ് ശിക്ഷ.

2019 ല്‍ ചന്ദ്രമതിയോട് സത്യപാലന്‍ കടംവാങ്ങിയ 3 ലക്ഷം രൂപക്ക് പകരം നല്‍കി 1 ലക്ഷത്തിന്റെയും 2 ലക്ഷത്തിന്റെയും മൂല്യമുള്ള ചെക്കുകളാണ് പണമില്ലാതെ മടങ്ങിയത്.

ഇതേതുടര്‍ന്നാണ് ചന്ദ്രമതി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 1 ലക്ഷം രൂപക്ക് 1,75,630 രൂപയും 2 ലക്ഷത്തിന് 3,10,964 രൂപയും പലിശയടക്കം നല്‍കണമെന്നാണ് വിധി.

തുക നല്‍കാത്ത പക്ഷം 6 മാസം വീതം തടവ് അനുഭവിക്കാനും വിധിയുണ്ട്. വാദിഭാഗത്തിന് വേണ്ടി
അഡ്വ.എം.വിനോദ് രാഘവന്‍ ഹാജരായി.