തട്ടുകടകള്‍ക്ക് ഒരു കണ്ണൂര്‍ മാതൃക-ചെറുതാഴം കഫേ സൂപ്പര്‍ഹിറ്റ്.

 

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം ആരംഭിച്ച ചെറുതാഴം കഫേ.

 

പരിയാരം: തട്ടുകടകള്‍ എന്ന സങ്കല്‍പ്പത്തിന് ഒരു പൊളിച്ചെഴുത്ത് സൃഷ്ടിക്കുകയാണ് ചെറുതാഴം ഗ്രാമപഞ്ചായത്ത്.

പൊതുവെ ആര്‍ക്കും എവിടെയും ഒരു നിയന്ത്രണങ്ങളും ഇല്ലാതെ ആരംഭിക്കാവുന്നതും പലപ്പോഴും വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നവയുമായ തട്ടുകടകള്‍ക്ക് മാതൃകയാവുകയാണ് ചെറുതാഴം.

റോഡരികിലോ സര്‍ക്കാര്‍ ഭൂമി കയ്യേറിയോ നടത്തുന്ന തട്ടുകടകള്‍ സമൂഹവിരുദ്ധര്‍ ഒത്തുചേരുന്ന കേന്ദ്രങ്ങള്‍ കൂടിയായി മാറുന്നത് സ്ഥിരം പ്രവണതയാണ്.

അതിഥി തൊഴിലാളികളാണ് ഇപ്പോള്‍ ഒട്ടുമിക്ക തട്ടുകടകളിലും ജോലി ചെയ്യുന്നത്.

എന്നാല്‍ ഇതിനെല്ലാം പരിഹാരമായി ജില്ലയില്‍ ആദ്യമായി ചെറുതാഴം പഞ്ചായത്ത് ആരംഭിച്ച ചെറുതാഴം കഫേയാണ് മാതൃകയായി മാറിയിരിക്കയാണ്.

22 വനിതകള്‍ക്ക് 3 ആഴ്ച്ച നീണ്ടുനിന്ന പരിശീലനം നല്‍കിയാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ 11 കഫേകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.

മന്ത്രി ആര്‍.ബിന്ദുവാണ് ഇതിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചത്. ഇതുവരെ നാലിടങ്ങളിലാണ് കഫേകള്‍ തുറന്നത്.

റോഡരികില്‍ പഞ്ചായത്ത് വക സ്ഥലമോ സര്‍ക്കാര്‍ സ്ഥലങ്ങളിലോ ആണ് ഇവ ആരംഭിക്കുന്നത് ഗതാഗതത്തിന് തടസമില്ലാത്ത വിധത്തിലാണ് കഫേ ബങ്കുകള്‍ സ്ഥാപിക്കുക.

ആളുകള്‍ക്ക് ഇരിക്കുന്നതിന് ബങ്കിന് ചുറ്റും താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കും.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം ദേശീയപാതയോരത്ത് പരിയാരം പോലീസ് സ്റ്റേഷന് മുന്നിലായി ആരംഭിച്ച ചെറുതാഴം കഫേ ദിവസങ്ങള്‍ക്കകം തന്നെ വലിയ വിജയമായി മാറിയിരിക്കയാണ്.

അടുത്ത ബന്ധുക്കളായ ബിന്ദുവും വല്‍സലയും ചേര്‍ന്നാണ് ഈ കഫേ നടത്തുന്നത്.

ശുദ്ധജലവും ശുചിത്വവും ഉറപ്പുവരുത്തുന്ന ഈ കഫേയില്‍ രുചിവൈവിധ്യവും വിലക്കുറവും ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.

പ്രത്യേകിച്ചും തട്ടുകടകളില്‍ വരാന്‍ താല്‍പര്യപ്പെടാത്ത സ്ത്രീകള്‍കൂടി ഇവിടെ എത്തിച്ചേരുന്നുണ്ട് എന്നതാണ് പ്രത്യേകത.

മേലേതിയടം വാര്‍ഡ് മെമ്പറും ചെറുതാഴം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ടിവി.ഉണ്ണികൃഷ്ണന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇവിടെ കഫേ ആരംഭിച്ചത്.

ചെറുതാഴം ബേങ്ക് 1 ലക്ഷം രൂപ വായ്പനല്‍കിയതില്‍ 75,000 രൂപ പഞ്ചായത്ത് സബ്സിഡി ഇനത്തില്‍ നല്‍കുന്നത് സംരംഭകരായ സ്ത്രീകള്‍ക്ക് ഏറെ സഹായകരമാണ്.

ഇതിനകം ആരംഭിച്ച നാല് കഫേകളും വലിയ വിജയമായതോടെ മറ്റ് 7 എണ്ണം കൂടി ഉടന്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.