നവോദ്ധാനചങ്ങലയില്‍ നിന്ന് കേരളത്തെ പിണറായി സര്‍ക്കാര്‍ നരബലിയിലെത്തിച്ചു-സി.പി.ജോണ്‍.

പരിയാരം: നവോത്ഥാന ചങ്ങല കെട്ടി അധികാരത്തില്‍ വന്ന പിണറായി വിജയന്റെ ഭരണം കേരളത്തെ നരബലിയിലേക്കെത്തിച്ചിരിക്കുകയാണെന്ന് സി.എം.പി.ജനറല്‍ സിക്രട്ടറി സി.പി.ജോണ്‍ പരിഹസിച്ചു.

മയക്ക് മരുന്ന് മാഫിയ നാടിനെ പിടിമുറുക്കുന്നു. പോലീസ് സ്‌റ്റേഷനില്‍ കൈ ചങ്ങലയിട്ട് ലോക്കപ്പിനുള്ളിലാക്കി ലാത്തി കൊണ്ട് മര്‍ദ്ദിക്കുന്ന നാടായി കേരളം മാറി.

നാളികേരത്തിനും, റബ്ബറിനും, നെല്ലിനും താങ്ങ് വില പോയിട്ട് മോഹവില പോലും കിട്ടാനില്ല.

പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നത് ഭരണക്കാര്‍ക്ക് പ്രശ്‌നമല്ല.

വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ച് കോടികളുടെ കണ്‍സള്‍ട്ടേഷന്‍ നല്‍കി കമ്മീഷന്‍ പറ്റുന്ന ഭരണക്കാരുടെ നാടായി കേരളം മാറിയെന്നും സി പി.ജോണ്‍ ആരോപിച്ചു.

കേരളത്തിന്റെ സാമൂഹ്യ തകര്‍ച്ച അപകടരമാംവിധത്തിലേക്ക് നീങ്ങുകയാണെന്നും ഇതിനെ കക്ഷിരാഷ്ട്രീയ-ജാതി-മതഭേദമന്യേ ഒറ്റക്കെട്ടായി നേരിടണമെന്നും സി.പി.ജോണ്‍ ആവശ്യപ്പെട്ടു.

സി എം പി സംഘടിപ്പിക്കുന്ന ‘ഉണരൂ കേരളം’ ക്യാമ്പയിനു എടക്കോം കണാരംവയലില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സുധീഷ് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സി.എ.അജീര്‍, പി.സുനില്‍കുമാര്‍, കെ.പി.ജനാര്‍ദ്ദനന്‍, ജംഷീര്‍ ആലക്കാട്, സന്ദീപ് പണപ്പുഴ, എന്നിവര്‍ സംസാരിച്ചു. സി.എ.ജോണ്‍ സ്വാഗതവും കെ.സി.ശ്രീധരന്‍ നന്ദിയും പറഞ്ഞു.